Latest News

ചരിത്രം ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം; പ്രേക്ഷകര്‍ക്ക് ഉജ്വല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് "ഇന്നലെ ചെയ്‌തൊരബദ്ധം"

തൃക്കരിപ്പൂര്‍ : നാടിന്റെ ചരിത്രം എല്ലാവര്‍ക്കും ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്ന സന്ദേശവുമായി യുവകലാസാഹിതി സംസ്ഥാന കലാസംഘം അണിയിച്ചൊരുക്കിയ 'ഇന്നലെ ചെയ്‌തൊരബദ്ധം' നാടകത്തിന്റെ ദൃശ്യാവിഷ്‌ക്കാരം വേദികളില്‍ ഉജ്വല മുഹൂര്‍ത്തങ്ങളാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.[www.malabarflash.com]

മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ചു നിര്‍ത്തുന്ന ശക്തികള്‍ക്ക് താക്കീതായി മനുഷ്യനാകാന്‍ പഠിപ്പിക്കുന്നു നാടകം. ഇനിയും വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ സമകാലീന സംഭവങ്ങള്‍ പൊലിമയോടെ അടര്‍ത്തിയെടുത്തു പ്രദര്‍ശിപ്പിക്കുകയാണ് കവിയും സാഹിത്യകാരനുമായ നാടകത്തിന്റെ രചയിതാവ് എം എം സചീന്ദ്രന്‍.
ജാതിമത വൈവിധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും മനുഷ്യരെ ഒരുമിപ്പിക്കുന്ന പുണ്യഗ്രന്ഥം ഭാരതത്തിന്റെ ഭരണഘടന തന്നെയെന്ന് സമൂഹത്തോട് വിളിച്ചു പറയുകയാണ് നാടകം. ഓരോ കാലത്തും നിലവിലുള്ള ആചാരങ്ങള്‍ സാമൂഹ്യ വിരുദ്ധമോ ജനവിരുദ്ധമോ ആകുമ്പോള്‍ മാറ്റുന്നതാണ് ഉചിതമെന്ന് നാടകം സമൂഹത്തോട് വിളിച്ചുപറയുന്നു.
പഴയകാലത്തെ സ്ത്രീകള്‍ മാറുമറയ്ക്കരുതെന്ന ആചാരം പോലും മാറ്റിയ നാടാണിതെന്ന് ഓര്‍മ്മിപ്പിക്കുന്ന കാതലായ സാമൂഹ്യവിമര്‍ശനം നടത്തുന്ന നാടകം നവോത്ഥാന കാലഘട്ടങ്ങളിലെ പോരാട്ടവീര്യത്തെ അനശ്വരമാക്കുകയും കേരളത്തിലുണ്ടായ പ്രളയകാലത്തെ ജനങ്ങളുടെ ഐക്യത്തെ വേദിയില്‍ ആകര്‍ഷകമാക്കുകയും ചെയ്യുന്നു.
മനോജ് ബാലുശ്ശേരി സംവിധാനം നിര്‍വ്വഹിച്ച നാടകത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും എം എം സചീന്ദ്രനാണ്. ദിവാകരന്‍, സത്യന്‍, ഉണ്ണികൃഷ്ണന്‍, അനില്‍കുമാര്‍, സുബ്രഹ്മണ്യന്‍, റാണി, മീര തുടങ്ങിയവര്‍ അഭിനേതാക്കളായി.
സാംസ്‌ക്കാരിക യാത്ര എത്തുന്നതിന് മുമ്പ് വേദിയില്‍ അവതരിപ്പിക്കുന്ന നാടകം ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുകയാണ്. തൃക്കരിപ്പൂരില്‍ നാടകം കാണാന്‍ ധാരാളം ആസ്വാദകരെത്തിയിരുന്നു. നാടകസംഘത്തെ സംഘാടക സമിതി ചെയര്‍മാന്‍ എം ഗംഗാധരനും ജനറല്‍ കണ്‍വീനര്‍ ഉദിനൂര്‍ സുകുമാരനും അഭിനന്ദിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.