Latest News

കര്‍ണാടക സ്വദേശിനിയുടെ കൊല: കാമുകന്‍ അറസ്റ്റില്‍

കാസര്‍കോട്: വിദ്യാനഗര്‍ ചാല റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന കര്‍ണാടക ഗദക് അണ്ടൂര്‍ ബെണ്ടൂര്‍ സ്വദേശിനി സരസ്വതി എന്ന സരസു(35)വിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കര്‍ണാടക കാമ്പളയിലെ ചന്ദ്രുരമേശ് എന്ന സുനില്‍(32) ആണ് അറസ്റ്റിലായത്.[www.malabarflash.com] 

 ചൊവ്വാഴ്ച ഉച്ചയോടെ കര്‍ണാടക തീര്‍ത്ഥ ഹള്ളി കോണംതൂര്‍ കരേകോണില്‍വെച്ച് സി.ഐ. വി.വി. മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടിച്ചത്. എ.എസ്.പി. ഡി. ശില്‍പ്പയാണ് അറസ്റ്റ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. 

വിദ്യാനഗര്‍ ചാലയിലെ ഷെഫീഖിന് ഫേസ്ബുക്കില്‍ ലഭിച്ച ഫോട്ടോ അടിസ്ഥാനമാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. തീര്‍ത്ഥഹള്ളിയില്‍ നെല്‍വയലില്‍ ജോലിചെയ്തുവരികയായിരുന്നു ചന്ദ്രുരമേശ്. അതിന് മുമ്പ് മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്തതായും സംശയിക്കുന്നു.
17ന് രാത്രി ചാലയിലെ വാടക മുറിയിലെത്തിയപ്പോള്‍ സരസ്വതിക്കൊപ്പം മറ്റൊരാളെ കണ്ടതാണ് ചന്ദ്രുവിനെ പ്രകോപിപ്പിച്ചതത്രെ. ഇതേ തുടര്‍ന്ന് അവിടെ കണ്ടയാളുമായി ചന്ദ്രു വാക്കേറ്റത്തിലേര്‍പ്പെട്ടു.
അയാള്‍ സ്ഥലം വിട്ടതോടെ സരസുവും ചന്ദ്രുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും പറയുന്നു. 

18 ന് രാവിലെ ചന്ദ്രു കെട്ടിട ഉടമയെ സമീപിച്ച് താനും ഭാര്യയും നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് താക്കോല്‍ ഏല്‍പ്പിച്ചു. 20ന് രാവിലെ രൂക്ഷമായ ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് മുറി പരിശോധിച്ചപ്പോഴാണ് സരസുവിനെ കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്. തലക്ക് മാരകമായ മുറിവേറ്റിരുന്നു. വാരിയെല്ല് തകര്‍ന്ന നിലയിലായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ചന്ദ്രു രമേശ് കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു. അതിനിടെയാണ് പോലീസിന്റെ പിടിയിലാവുന്നത്.
ചന്ദ്രുവിന് നാട്ടില്‍ ഭാര്യയില്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ട് മക്കളെ ഉപേക്ഷിച്ച് സരസു ചന്ദ്രുവിനൊപ്പം കഴിഞ്ഞുവരികയായിരുന്നു. രണ്ട് പേരും സ്ഥിരമായി മദ്യപിച്ച് വഴക്ക് കൂടുന്നത് പതിവാണെന്നും പറയുന്നു. 

സി.ഐ.ക്ക് പുറമെ എസ്.ഐ. പി. അജിത് കുമാര്‍, എ.എസ്.ഐ. കെ.എം. ജോണ്‍, പ്രദീപ് കുമാര്‍, കെ. നാരായണന്‍ നായര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ലക്ഷ്മി നാരായണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മനു, ലബീഷ് പിലിക്കോട്, ഷിജിത് കോറോം, രാജേഷ്, രതീഷ്, ശ്രീകാന്ത്, സൈബര്‍ സെല്ലിലെ ശിവകുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.