Latest News

സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

ചെന്നൈ: പ്രമുഖ സംവിധായകനും കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ (65) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ ശസ്ത്രക്രിയയെ തുടർന്നു ചികിത്സയിലായിരുന്നു.[www.malabarflash.com]

ഭൗതികശരീരം ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തിക്കും. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.

1953 ല്‍ നെയ്യാറ്റിൻകരയ്ക്കടുത്ത് ഊരൂട്ടമ്പലത്ത്. എം.വേലുക്കുട്ടി–ഭാസമ്മ ദമ്പതികളുടെ മകനായാണ് ലെനിൻ രാജേന്ദ്രൻ ജനിച്ചത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും ബിരുദം നേടി. എറണാകുളത്തു ഫിനാൻഷ്യൽ എന്റർപ്രൈസിൽ പ്രവർത്തിക്കവേ അവിടെവച്ചു പി.എ.ബക്കറെ പരിചയപ്പെട്ടതാണ് ലെനിൻ രാജേന്ദ്രന്റെ ജീവിതത്തിൽ വഴിത്തിരിവായത്.

ബക്കറിന്റെ സഹസംവിധായകനായി സിനിമയിലെത്തിയത്. ‘ഉണര്‍ത്തുപാട്ട്’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായി. 1981–ൽ ‘വേനൽ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

ചില്ല് (1982), പ്രേം നസീറിനെ കാണ്മാനില്ല (1983), മീനമാസത്തിലെ സൂര്യന്‍ (1985), സ്വാതി തിരുനാള്‍ (1987), പുരാവൃത്തം (1988), വചനം (1989), ദൈവത്തിന്റെ വികൃതികള്‍ (1992), കുലം (1996), മഴ(2000), അന്യര്‍(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010), ഇടവപ്പാതി (2016) തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

‘ദൈവത്തിന്റെ വികൃതികളും’ ‘മഴ’യും മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. രാത്രിമഴയിലൂടെ 2006ല്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. ദേശീയ-സംസ്ഥാന അവാര്‍ഡ് കമ്മറ്റികളില്‍ ജൂറി അംഗമായിരുന്നു. കെപിഎസിയുടെ രാജാ രവിവര്‍മ്മ ഉള്‍പ്പെടെ നാല് നാടകങ്ങള്‍ സംവിധാനം ചെയ്തു. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളെ ആസ്പദമാക്കിയുള്ള ടെലിഫിലിം വയലാറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി എന്നിവയാണ് മറ്റ് പ്രധാന ചലച്ചിത്ര സംഭാവനകള്‍.

ആ ചുവന്നകാലത്തിന്റെ ഓര്‍മയ്ക്ക് (ഓര്‍മ്മ), അന്യര്‍, മഴ, ചില്ല് (തിരക്കഥകള്‍) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.
1991–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തുനിന്നു സിപിഎം സ്ഥാനാർഥിയായി കെ.ആർ.നാരായണനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലെനിന്‍ രാജേന്ദ്രന്‍ പിന്നീട് സംസ്ഥാന ചലച്ചിത്ര വികസന കേര്‍പ്പറേഷനില്‍ ഫിലിം ഓഫിസറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

ഭാര്യ: ഡോ. രമണി, മക്കൾ: ഡോ. പാർവതി, ഗൗതമൻ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.