Latest News

ഹര്‍ത്താല്‍; സംസ്ഥാനത്ത് പരക്കെ അക്രമം, സിപിഎം ഓഫീസിന് തീയിട്ടു

കോഴിക്കോട്: ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമം. മലപ്പുറം തവനൂരില്‍ സിപിഎം ഓഫീസിന് തീയിട്ടു. പാലക്കാട് വെണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശായ്ക്ക് തീയിട്ടു.[www.malabarflash.com]

നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് രാവിലെ നിരത്തിലിറങ്ങിയത്.

തിരുവനന്തപുരത്ത് ട്രയിനില്‍ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനി പാത്തുമ്മയാണ് മരിച്ചത്. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ സമയത്ത് ആംബുലന്‍സ് ലഭിച്ചില്ലെന്ന് ആരോപണമുണ്ട്.

രാവിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തിയ അയ്യപ്പന്‍മാര്‍ അടക്കമുള്ള യാത്രക്കാര്‍ വാഹനം കിട്ടാതെ പ്രയാസപ്പെടുന്നുണ്ട്. ചിലയിടങ്ങളില്‍ ചെറിയ തോതില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പലയിടങ്ങളിലും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

കോഴിക്കോട് പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയപാതയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡില്‍ ടയറുകള്‍ കത്തിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ സിഐയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കെഎസ്ആര്‍ടിസിയുടെയും കാറിന്റെയും ചില്ലുകള്‍ തകര്‍ത്തു.

പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസിക്കു നേരെയും ഡിവൈഎഫ്‌ഐ ഓഫീസിനു നേരെയും കല്ലേറുണ്ടായി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് പോകുന്നവര്‍ക്ക് പോലീസ് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തയ്യാറായാല്‍ സംരക്ഷണം നല്‍കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

കാസര്‍കോട്ട് ഹര്‍ത്താല്‍ പൂര്‍ണം. കെ.എസ്.ആര്‍.ടി.സി- സ്വകാര്യ ബസുകള്‍ ഒന്നും ഓടിയില്ല. അതേസമയം കടകള്‍ തുറക്കുമെന്ന വ്യാപാരി നേതാക്കളുടെ പ്രഖ്യാപനം നടപ്പായില്ല. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ചില കടകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. പോലീസ് സുരക്ഷ നല്‍കാത്തത് കൊണ്ടാണ് കടകള്‍ തുറക്കാന്‍ കഴിയാത്തതെന്നാണ് വ്യാപാരി നേതാക്കള്‍ പറയുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.