Latest News

ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതുള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി കാസര്‍കോട്ടെ യുവാവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു

കാസർകോട് : ആർഎസ്എസ് നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടതുൾപ്പെടെ കുറ്റങ്ങൾ ചുമത്തി യുവാവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ചെമ്പരിക്ക സ്വദേശി സി.എം.മുഹ്ത്തസിം എന്ന തസ്ലീമിനെ (41)ആണു പിടിയിലായത്.[www.malabarflash.com] 

അറസ്റ്റുമായി ബന്ധപ്പെട്ട്‌ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ ഡൽഹി പോലീസ് വിസമ്മതിച്ചു. രാവിലെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഡൽഹിക്കു കൊണ്ടു പോയി.

ഇയാൾ മുൻപ് ബിജെപി ന്യൂനപക്ഷ സെൽ ഭാരവാഹിയായിരുന്നു. സംഘപരിവാറിന്റെ ദക്ഷിണേന്ത്യൻ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടക്കുന്നെന്നു കഴിഞ്ഞ ദിവസം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടുണ്ടായിരുന്നു. ഇതുമായി ഈ കേസിനു ബന്ധമുണ്ടെന്നും വിവരമുണ്ട്.

ഡൽഹി പോലീസിന്റെ ആവശ്യപ്രകാരം വിദ്യാനഗർ പോലീസ് 11ന് മുഹ്ത്തസിമിനെ ചട്ടഞ്ചാലിൽ നിന്നു പിടികൂടുകയായിരുന്നു. തലേന്നു വൈകിട്ടു തന്നെ ഡൽഹി പോലീസ് സംഘം കാസർകോട്ട് എത്തി. ഇന്റലി‍ജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

വ്യാജ പാസ്പോർട്ട് നിർമിച്ചതുൾപ്പടെ ഒട്ടേറെ കേസുകളിൽ പ്രതിയാണിയാൾ. കശ്മീരിലെ തീവ്രവാദ സംഘങ്ങളിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന ആരോപണത്തെത്തുടർന്ന് ഇന്റർപോളും ഐബിയും പലതവണ ചോദ്യം ചെയ്തിരുന്നു. നാട്ടിൽ ‘ഡോൺ’(അധോലോക തലവൻ) എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിച്ചിരുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.