Latest News

റാഞ്ചല്‍ ശ്രമം തകര്‍ത്തു; ബംഗ്ലാദേശില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാനം തിരിച്ചിറക്കി, അക്രമിയെ വെടിവച്ചുകൊന്നു

ധാക്ക: ബംഗ്ലാദേശില്‍ നിന്നു ദുബൈയിലേക്ക് പുറപ്പെട്ട വിമാനം റാഞ്ചല്‍ ഭീഷണിയെത്തുടര്‍ന്ന് തിരിച്ചിറക്കി. ധാക്കയില്‍നിന്നു പുറപ്പെട്ട് ചിറ്റഗോങ്ങിലെ ഷാ അമാനത്ത് ഇന്റര്‍നാഷനല്‍ വിമാനത്താവളം വഴി ദുബൈയിലേക്ക് പോവുകയായിരുന്ന ‘ബിമാന്‍ ബംഗ്ലദേശി’ന്റെ ബോയിങ് 737 വിമാനത്തിനു നേരെയാണ് റാഞ്ചല്‍ ശ്രമമുണ്ടായത്. [www.malabarflash.com]

അപായസൂചന ലഭിച്ചയുടന്‍ വിമാനം ചിറ്റഗോങ്ങിലേക്കു തന്നെ തിരിച്ചിറക്കുകയായിരുന്നുവെന്ന് പ്രമുഖ ബംഗ്ലാദേശി പത്രം ദി ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട്‌ചെയ്തു. വിമാനം ലാന്‍ഡ് ചെയ്ത ശേഷം സൈന്യം അക്രമിയെ വെടിവച്ചുകൊന്നു. 25നടുത്ത് പ്രായമുള്ള ബംഗ്ലാദേശി പൗരനായ മഹദിയാണ് കൊല്ലപ്പെട്ടത്. 

വിമാനത്തിന്റെ കോക്പിറ്റില്‍ കയറിയ മഹദി തോക്ക് ചൂണ്ടിക്കാട്ടി വിമാനം ഉടന്‍ ഇറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. 7.30ഓടെ തന്നെ അക്രമിയെ കീഴ്‌പ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു.

തന്ത്രപരമായി കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അക്രമി തയ്യാറാവാതിരുന്നതോടെ സൈന്യം വെടിവയ്ക്കുകയായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ കീഴ്‌പ്പെടുത്താന്‍ തങ്ങള്‍ക്കു മുന്‍പില്‍ മറ്റുമര്‍ഗാങ്ങളുണ്ടായിരുന്നില്ലെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. തോക്ക് ചൂണ്ടിയ ഇദ്ദേഹം ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി നേരിട്ടു സംസാരിക്കണമെന്നു നിര്‍ബന്ധം പിടിച്ചതായും സൈന്യം പറഞ്ഞു.

അതേസമയം, സംഭവം റാഞ്ചല്‍ ശ്രമമാണെന്ന റിപ്പോര്‍ട്ട് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, കൊല്ലപ്പെട്ടയാള്‍ മാനസികവെല്ലുവിളി നേരിടുന്നയാളാണെന്നു സംശയിക്കുന്നതായി വിമാനസുരക്ഷാവിഭാഗം ഡയറക്ടര്‍ ചൗധരി എം. സിയാഉല്‍ കബീര്‍ അറിയിച്ചു. 

യാത്രക്കാരിലൊരാളില്‍ നിന്ന് ദുരൂഹമായ പ്രവര്‍ത്തിയുണ്ടായപ്പോള്‍ അപായസാചന നല്‍കുകയായിരുന്നുവെന്ന് ബംഗ്ലാദേശ് വ്യോമഗതാഗത സെക്രട്ടറി മുഹിബ്ബുല്‍ ഹഖ് പറഞ്ഞു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ‘റാഞ്ചി’യെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. 

വിമാനത്തിലുണ്ടായിരുന്ന 142 യാത്രക്കാരും സുരക്ഷിതരാണെന്നും ഇവര്‍ക്കു പുറത്തേക്കു പോകാന്‍ അനുമതി നല്‍കിയതായും ബിമാന്‍ ബംഗ്ലദേശി ജനറല്‍ മാനേജര്‍ ഷക്കീല്‍ മിറാജ് പറഞ്ഞു. പൊലീസും സൈന്യവും വിമാനത്തെ വളഞ്ഞിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.