Latest News

മുദ്ര വായ്പയുടെ പേരിൽ തട്ടിപ്പ്: സീരിയൽ നടൻ അറസ്റ്റിൽ

മൂവാറ്റുപുഴ: സിനിമാ നിർമാതാക്കൾക്കും സംവിധായകർക്കും ജൂനിയർ ആർട്ടിസ്റ്റുകൾക്കുമൊക്കെ മുദ്ര വായ്പ ശരിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സീരിയൽ നടൻ അറസ്റ്റിൽ.[www.malabarflash.com] 

തൃശൂർ പഴയങ്ങാടി പാലിയൂർ വീട്ടിൽ വിജോ പി.ജോൺസൺ (33) ആണ് പിടിയിലായത്. സൗത്ത് മാറാടി കരയിൽ മഞ്ചരിപ്പടി സ്വദേശിനിയായ യുവതിയുടെ 10.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടർന്നു നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്.

സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്ന യുവതിയെ സിനിമയുടെ ലൊക്കേഷനിലാണ് വിജോ പരിചയപ്പെട്ടത്. യുവതി സാമ്പത്തികാവശ്യം പറഞ്ഞപ്പോൾ പണം മുദ്ര വായ്പ വഴി ശരിയാക്കി നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പു നടത്തിയത്.

വായ്പ എടുക്കുന്നതിന് ആവശ്യമായ രേഖകളും അപേക്ഷയും വിജോ തയാറാക്കി. ആദ്യഘട്ടത്തിലാവശ്യമായ പണവും ചെലവാക്കി. എന്നാൽ വായ്പ ലഭിച്ച തുക വിജോ തട്ടിയെടുത്തെന്നാണ് യുവതി പരാതി നൽകിയത്.

സമാനമായ ഒട്ടേറെ തട്ടിപ്പുകൾ നടത്തിയതിന് വിജോ വിയ്യൂർ ജയിലിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തൃശൂർ പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നു വായ്പാ തട്ടിപ്പു കേസുകൾ ഇയാളുടെ പേരിലുണ്ട്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശിയായ സലാമിൽ നിന്ന് 5 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റ് വാറന്റ് ഉള്ളതായും പോലീസ് പറഞ്ഞു.

ലക്ഷങ്ങളുടെ തട്ടിപ്പിനിരയായവരിൽ പലരുടെയും നോട്ടപ്പുള്ളിയായി മാറിയതോടെ വിജോ രാത്രി ഉറങ്ങിയിരുന്നത് സ്വന്തം വീടിന്റെ ടെറസിനു മുകളിൽ. സ്വന്തം മുറിയിൽ ഉറങ്ങിയിട്ട് നാളേറെയായെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. പണം നഷ്ടപ്പെട്ടവർ പലരും തന്നെ കൈകാര്യം ചെയ്യാൻ ക്വട്ടേഷൻ നൽകിയിരുന്നെന്നും ഇവർ രാത്രി വീട്ടിലെത്തുമായിരുന്നെന്നും വിജോ പറയുന്നു.

പുലർച്ചെ തന്നെ കാറിൽ സ്ഥലം വിടും. പകൽ മുഴുവൻ കാറിൽ കറങ്ങി നടക്കും. അധികനേരം എവിടെയും തങ്ങാറില്ല. ഫോൺ നമ്പറുകളും മാറിക്കൊണ്ടിരുന്നു. ഇതിനിടെ തട്ടിപ്പുകൾ തുടർന്നു.

അറസ്റ്റിനായി പോലീസ് വീടു വളഞ്ഞപ്പോഴും ടെറസിൽ ഉറക്കത്തിലായിരുന്നു വിജോ. പോലീസ് എത്തിയതറിഞ്ഞ് ടെറസിൽ നിന്ന് മതിലിൽ ഊർന്നിറങ്ങി അടുത്തുള്ള പുരയിടത്തിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് സംഘം വളഞ്ഞു പിടിക്കുകയായിരുന്നു. ഒട്ടേറെ സീരിയലുകളിലും സിനിമകളിലും ചെറിയ റോളുകളിൽ‌ അഭിനയിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.