Latest News

ഷംസീര്‍ എംഎല്‍എയുടെ വീടിന് ബോംബേറ്; യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തലശ്ശേരി: തലശ്ശേരി എം എല്‍ എ എ എന്‍ ഷംസീറിന്റെ മാടപിടികയിലെ ആമിനാസ് എന്ന വീടിന് നേരെ ബോംബേറിഞ്ഞ കേസില്‍ യുവമോര്‍ച്ചാപ്രവര്‍ത്തകന്‍ അറസ്റ്റില്‍. പുന്നോല്‍ മാക്കൂട്ടം സ്വദേശി ശ്രീനിലയത്തില്‍ ആര്‍ സതീഷ് (25)നെയാണ് തലശ്ശേരി സി ഐ എം പി ആസാദും സംഘവും അറസ്റ്റ് ചെയ്തത്.[www.malabarflash.com] 

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തലശ്ശേരി മേഖലകളില്‍ നടന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ജനുവരി നാലിന് രാത്രി 10.15നാണ് ബോംബേറ് നടന്നത്. വീടിന് പിറകില്‍ കൂടി എത്തിയ അക്രമി സംഘം എറിഞ്ഞ ബോംബ് വാട്ടര്‍ ടാങ്കില്‍ തട്ടി ചിതറി തെറിക്കുകയായിരുന്നു. ആ സമയം ഷംസീറിന്റെ ബന്ധുക്കളും ഉപ്പയും ഉമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 

പോലീസ് സംരക്ഷണം ഉണ്ടായിരുന്നെങ്കിലും അവരുടെ ശ്രദ്ധയില്‍ പെടാതെയാണ് അക്രമിസംഘം ബോംബേറിഞ്ഞത്.
ന്യൂ മാഹി പോലീസാണ് കേസന്വേഷിച്ചിരുന്നത്. ഏറെനാളായിട്ടും പ്രതികളെ കണ്ടെത്താനോ പിടികൂടാനോ സാധിക്കാത്തത് ഏറെ വിമര്‍ശനത്തിനിടയാക്കുകയും ചെയ്തിരുന്നു. 

തുടര്‍ന്ന് എ എസ് പി അരവിന്ദ് സുകുമാറിന്റെ നിര്‍ദ്ദേശാനുസരണം തലശ്ശേരി സി ഐ എം പി ആസാദ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തെളിവ് ശേഖരിക്കുന്നതിനിടെ ഷംസീറിന്റെ വീടിനടുത്തുള്ള ഒരു കുട്ടി ബോംബേറ് ഉണ്ടായ സമയത്ത് ഒരു ന്യൂജനറേഷന്‍ ബൈക്കില്‍ രണ്ട് പേര്‍ പോകുന്നത് കണ്ടതായി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഈ സൂചനയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ മുപ്പതോളം ബൈക്കുകളും ആയിരക്കണക്കിന് ഫോണ്‍ കോളുകളും പരിശോധിച്ച അന്വേഷണ സംഘം വെളളിയാഴ്ച പുലര്‍ച്ചെ സതീഷിനെ തലായി കടപ്പുറത്ത് വെച്ച് പിടികൂടുകയായിരുന്നു. 

ഇയാളുടെ കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്ന് സി ഐ ആസാദ് അറിയിച്ചു. ന്യൂ മാഹി എസ് ഐ സുമേഷ്, എ എസ് പിയുടെ ക്രൈം സ്വകാഡ് അംഗങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു. 

രണ്ട് പേരാണ് ബോംബെറിഞ്ഞതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്. സി സി ടി വി ദൃശ്യങ്ങളില്‍ പെടാതെയാണ് അക്രമികള്‍ ബോംബെറിഞ്ഞത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.