Latest News

38 വര്‍ഷമായി ഞാന്‍ സിനിമയില്‍, ഞാനെന്തിന് രാഷ്ട്രീയത്തിലിറങ്ങണം, സിനിമയാണെന്റെ രാഷ്ട്രീയം; മമ്മൂട്ടി

ഹൈദരാബാദ്: സജീവ രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞ് മമ്മൂട്ടി. സിനിമയില്‍ തന്നെ തുടരാനാണ് തന്റെ ഉദ്ദേശ്യമെന്നും സിനിമയാണ് തന്റെ രാഷ്ട്രീയമെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ യാത്രയുടെ പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ താങ്കള്‍ തയ്യാറായോ എന്ന ചോദ്യത്തിന് ‘ഞാന്‍ 38 വര്‍ഷമായി ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഞാനെന്തിന് രാഷ്ട്രീയത്തില്‍ പ്രവേശിക്കണം, ഇതാണെന്റെ രാഷ്ട്രീയം’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

തെലുങ്ക് രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയായിട്ടാണ് മമ്മൂട്ടി യാത്രയിലെത്തുന്നത്. മഹി വി.രാഘവ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തിലൂടെ രാജശേഖര റെഡ്ഡിയെ അതേ പോലെ പകര്‍ത്താനായിരുന്നില്ല താന്‍ ശ്രമിച്ചതെന്ന് മമ്മൂട്ടി പറയുന്നു. ‘സത്യത്തില്‍ ഞാന്‍ അദ്ദേഹത്തെ അതേപടി പകര്‍ത്താനായിരുന്നില്ല ശ്രമിച്ചത്. അദ്ദേഹം തീര്‍ത്തും വ്യത്യസ്തനായ ഒരു വ്യക്തിയാണെന്നിരിക്കെ അദ്ദേഹത്തെ പോലെ നടക്കുന്നതിലും, കാണാന്‍ അദ്ദേഹത്തെ പോലെ ആകാന്‍ ശ്രമിക്കുന്നതും സാധ്യമല്ല. ഞാനതിന് ശ്രമിച്ചിരുന്നെങ്കില്‍ തന്നെ അദ്ദേഹത്തെ പകര്‍ത്താനുള്ള മോശം ശ്രമമായി അത് മാറിയേനെ. സംവിധായകന്‍ എനിക്ക് സ്‌ക്രിപ്റ്റ് തന്നു, ഞാനത് പിന്തുടര്‍ന്നു’- മമ്മൂട്ടി പറഞ്ഞു.

പുതുമുഖ സംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമാവുന്നത് താന്‍ ആസ്വദിക്കുന്നതായും അവര്‍ക്ക് എപ്പോഴും പുതിയ എന്തെങ്കിലും പറയാനുണ്ടാവുമെന്നും മമ്മൂട്ടി പറയുന്നു. ഇതു വരെ താന്‍ 70 പുതുമുഖ സംവിധായകരുടെ കൂടെ ജോലി ചെയ്തതായും മമ്മൂട്ടി പറഞ്ഞു. രണ്ടു ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്ത മഹിയുടെ ചിത്രത്തിലൂടെ തെലുങ്കില്‍ തിരിച്ചെത്താനുള്ള തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.