നീലേശ്വരം: വിവിധ ശാസ്ത്ര ശാഖകൾ ഏകോപിതമായി നടത്തുന്ന ഗവേഷണമാണ് ഈ കാലഘട്ടത്തിന്റെ അനിവാര്യത എന്ന് ദാവെൻഗെരെ സർവകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ ശാസ്ത്രകാരനുമായ പ്രൊഫ. ബി.ബി കലിവൾ അഭിപ്രായപ്പെട്ടു.[www.malabarflash.com]
കണ്ണൂർ സർവകലാശാല മോളിക്യൂലർ ബയോളജി വിഭാഗം ദശവാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെ മോളിക്യൂലർ ബയോളജിയിലെ നൂതന വികാസങ്ങൾ എന്ന വിഷയത്തിൽ നീലേശ്വരം ഡോ. പി കെ രാജൻ സ്മാരക ക്യാമ്പസ്സിൽ സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്താൻ ഏതെങ്കിലും ഒറ്റ ശാസ്ത്ര ശാഖയെ മുൻനിർത്തിയുള്ള ഗവേഷണ പ്രവർത്തനങ്ങൾ പര്യാപ്തമല്ല. ഭൗതിക ശാസ്ത്രവും രസതന്ത്രവും അടക്കമുള്ള അടിസ്ഥാന ശാസ്ത്ര മേഖലകൾക്കും മോളിക്യൂലർ ബയോളജി അടക്കമുള്ള നവീന ശാസ്ത്ര മേഖലകൾക്കും ഇത്തരം ഗവേഷണപ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ.എം ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു . സെമിനാറിൽ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളുടെ സംഗ്രഹം അടങ്ങിയ പുസ്തകം കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം വി.പി.പി മുസ്തഫ പ്രകാശനംചെയ്തു . വി.ആർ കൃഷ്ണയ്യർ സ്മാരക പുരസ്‌കാരം നേടിയ ഡോ. എ. എം ശ്രീധരനെ ചടങ്ങിൽ ആദരിച്ചു . പഠനത്തിൽ ഉന്നത മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. തുടർന്ന് പ്രൊഫ. മുസ്താഖ്, ഡോ. അനി.വി.ദാസ്, ഡോ. പ്രേമ വാസുദേവ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു .ഡോ. സൂരജ് എം ബഷീർ, ഡോ സുരേഷ് മോഹനഘോഷ് എന്നിവർ സംസാരിച്ചു. സെമിനാർ ഫെബ്രു. 8 ന് വൈകീട്ട് സമാപിക്കും.
No comments:
Post a Comment