ന്യൂഡല്‍ഹി: പാക് സന്ദര്‍ശനത്തിനു പിന്നാലെ ദ്വിദിന സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തി. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണു മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചത്. [www.malabarflash.com]
കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു മടങ്ങിയ സൗദി കിരീടാവകാശി, റിയാദില്‍നിന്നു നേരിട്ടാണ് ഇന്ത്യയിലെത്തിയത്. നേരത്തേ, ഒറ്റ പര്യടനത്തില്‍ പാക്കിസ്ഥാന്‍, മലേസ്യ, ഇന്തൊനീസ്യ, ഇന്ത്യ, ചൈന എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണു മുഹമ്മദ് ബിന്‍ സല്‍മാന്‍ തീരുമാനിച്ചിരുന്നത്. പിന്നീടു മലേഷ്യ, ഇന്തൊനീഷ്യ രാജ്യങ്ങളിലെ പര്യടനം റദ്ദാക്കി.
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍, ഇന്ത്യ സന്ദര്‍ശനങ്ങളെ കൂട്ടിക്കെട്ടാന്‍ സൗദി കിരീടാവകാശി തയാറായില്ല. പാക്കിസ്ഥാനില്‍നിന്നു സൗദിയിലേക്കു മടങ്ങിയ അദ്ദേഹം ഇന്ത്യയിലേക്കു മാത്രമായി യാത്ര തിരിക്കുകയായിരുന്നു.
ഇന്ത്യയുമായി സൗദി അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണു സൂചന. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണത്തിനു ശേഷം 12നു പ്രധാനമന്ത്രിയുമായി ചര്‍ച്ച. തുടര്‍ന്നാണു കരാറുകള്‍ ഒപ്പിടുക. വൈകീട്ട് 7.30ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കും. അത്താഴവിരുന്നിനു ശേഷം രാത്രി 11.50ന് ചൈനയിലേക്കു പോകും.
പാക്കിസ്ഥാനില്‍ ഏഴു പദ്ധതികളിലായി 2000 കോടി ഡോളറിന്റെ നിക്ഷേപത്തിനുള്ള ധാരണാപത്രമാണു സൗദി അറേബ്യ ഒപ്പുവച്ചത്. നേരത്തേ, കശ്മീരിലെ പുല്‍വാമയില്‍ 44 സിആര്‍പിഎഫ് സൈനികരുടെ ജീവഹാനിക്കിടയായ കാര്‍ബോംബ് ആക്രമണത്തിനു പിന്നാലെ സൗദി ഭരണകൂടം ഇന്ത്യയ്ക്കു പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട വന്നിരുന്നു.
No comments:
Post a Comment