Latest News

കാസര്‍കോട് മാതൃകാ നഗരമാക്കുന്നതിന് റസിഡന്റ്‌സ് അസോസിയേഷനുകളും ഫ്രാക്കും മുന്‍നിരയില്‍ പ്രവര്‍ത്തിക്കണം : ജില്ലാ കളക്ടര്‍

കാസര്‍കോട് : സൗഹൃദവും സാഹോദര്യവും നിലനിര്‍ത്തി ശാശ്വതമായ ശാന്തിയും മാനവമൈത്രിയും കളിയാടുന്ന നഗരമായി ജില്ലാതലസ്ഥാനമായ കാസര്‍കോടിനെ മാറ്റിയെടുക്കാന്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെ സജീവമായ ഇടപെടലും സഹകരണവും എപ്പോഴുമുണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു ഐ.എ.എസ്. അഭ്യര്‍ത്ഥിച്ചു.[www.malabarflash.com] 

ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ ഇന്‍ കാസര്‍കോട് (ഫ്രാക്) ന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാസത്തിലൊരിക്കല്‍ നഗരത്തില്‍ ആഘോഷത്തിന്റെ രാവൊരുക്കി സാംസ്‌കാരികമായി വരണ്ടിരിക്കുന്ന കാസര്‍കോടിന്റെ കൂട്ടായ്മയുടെയും നന്മയുടെയും സന്ദേശം ഉയര്‍ത്താനും പ്രചരിപ്പിക്കാനും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടന്നുവരികയാണ്. 

മാലിന്യമുക്തമായ ജില്ലയായി കാസര്‍കോടിനെ മാറ്റിയെടുക്കാന്‍ ബോധവല്‍ക്കരണമുള്‍പ്പെടെയുള്ള കാര്യക്ഷമമായ ശ്രമങ്ങള്‍ക്ക് ഫ്രാക് മുന്‍കൈ എടുക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ കൃത്യമായി അനുസരിക്കുകയും പാലിക്കുകയും ചെയ്യുന്ന സമൂഹമാണ് നഗരാസൂത്രണത്തില്‍ അനിവാര്യമെന്നും ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു.
ഫ്രാക് പ്രസിഡണ്ട് ജി.ബി. വത്സന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. പത്മാക്ഷന്‍ സ്വാഗതമാശംസിക്കുകയും പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ട്രഷറര്‍ എം.എ. ഹുസൈന്‍ കണക്കുകള്‍ അവതരിപ്പിച്ചു. ഫ്രാകിന്റെ മുന്‍ പ്രസിഡണ്ടുമാരും രക്ഷാധികാരികളുമായ എം.കെ. രാധാകൃഷ്ണന്‍, സണ്ണി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വി. രാഘവന്‍, കെ. ജയചന്ദ്രന്‍, ബി.സി. കുമാരന്‍, ഇന്ദിരാപ്രദീപ്, ഡോ. വെള്ളിക്കീല്‍ രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

കാസര്‍കോടിന്റെ പൊതുഇടങ്ങള്‍ സാംസ്‌കാരികമുന്നേറ്റത്തിന്റെയും സൗഹൃദത്തിന്റെയും വേദിയാക്കി മാറ്റുന്നതിന് ജില്ലാ ഭരണകൂടം ഫലപ്രദമായി ഇടപെടുക, ജനങ്ങള്‍ക്കു രാത്രികാല യാത്രയ്ക്ക് സഹായകരമായി ബസ് സൗകര്യം താമസം സൗകര്യം ഏര്‍പ്പെടുത്തുക, മെച്ചപ്പെട്ട നഗരാസൂത്രണത്തിലൂടെ കാസര്‍കോട് പട്ടണത്തില്‍ സുഗമമായ ട്രാഫിക്, പാര്‍ക്കിംഗ് സൗകര്യം, സൗന്ദര്യവല്‍ക്കരണം എന്നിവക്കു വേണ്ടിയുള്ള നടപടികള്‍ നഗരസഭ അടിയന്തിരമായി സ്വീകരിക്കുക, ഫ്രാക് വിഭാവനം ചെയ്ത് സമര്‍പ്പിച്ചിരിക്കുന്ന മൈത്രീഗ്രാമ ഭവനപദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളടങ്ങിയ പ്രമേയങ്ങള്‍ പൊതുയോഗം അംഗീകരിച്ചു.

ഭാരവാഹികളായി എം.കെ. രാധാകൃഷ്ണന്‍, സണ്ണി ജോസഫ് (രക്ഷാധികാരികള്‍), ജി.ബി. വത്സന്‍ (പ്രസിഡണ്ട്), എം.പത്മാക്ഷന്‍ (ജനറല്‍ സെക്രട്ടറി), കെ. മുകുന്ദന്‍, ഷീലാ ജെയിംസ്, ഹുസ്സൈന്‍. എം.എ. (വൈസ് പ്രസിഡണ്ടുമാര്‍), സുബിന്‍ ജോസ്, ബി.സി. കുമാരന്‍, എ. പ്രഭാകരന്‍ നായര്‍, എം.സി. ശേഖരന്‍ നമ്പ്യാര്‍ (സെക്രട്ടറിമാര്‍), കെ.വി. കുമാരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഫ്രാക് അംഗത്വമുള്ള ജില്ലയിലെ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളില്‍ നിന്നും പ്രതിനിധികള്‍ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്തു.
സുബിന്‍ ജോസ്, ശ്രീമതി അമ്പിളി എന്നിവര്‍ സ്വാഗതഗാനമാലപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.