Latest News

തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിക്കും; തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരേ കെ സുരേന്ദ്രൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ശബരിമലയില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. [www.malabarflash.com]

"തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അവകാശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനുള്ളതല്ല. തിരഞ്ഞെടുപ്പില്‍ ചട്ടം ലംഘിക്കുന്നുണ്ടോ, മത വിദ്വേഷ പ്രചാരണം നടത്തുന്നുണ്ടോ, എന്നതൊക്കെയാണ് തിരഞ്ഞൈടുപ്പ് കമ്മീഷന്റെ പരിധിയില്‍ വരുന്നത്," കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് കമ്മീഷന് എങ്ങിനെ പറയാന്‍ കഴിയുമെന്നും ഏത് നിയമമാണ് കമ്മിഷന്‍ ആധാരമാക്കുന്നതെന്നും ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ചോദിച്ചു.
ശബരിമല വിഷയം മാത്രമായി തിരത്തെടുപ്പ് കമ്മീഷന്‍ പറയുന്നതില്‍ ദുരൂഹതയുണ്ടോയെന്ന് സംശയിക്കുന്നതായും ബി ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കമ്മീഷന്റെ വായിലൂടെ വരികയാണൊ എന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തിനുയോഗിച്ചാല്‍ അത് ചട്ടലംഘനമാകുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ അറിയിച്ചത്. സുപ്രീം കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും ചട്ടലംഘനമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളനം വിളച്ചത്. ഇതില്‍ ശബരിമലയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ശബരിമല പ്രശ്നത്തെ സാമുദായിക ധ്രൂവീകരണമുണ്ടാക്കുന്ന തരത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ഉപയോഗിച്ചാല്‍ അത് ചട്ടലംഘനമാകും. വിഷയത്തില്‍ അടുത്ത ദിവസം രാഷ്ട്രീയ കക്ഷികളുമായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തുമെന്ന് ടീകാ റാം മീണ വ്യക്തമാക്കി.

മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. ഇതിന്റെ പരിധിയില്‍ വരുന്ന രീതിയില്‍ ശബരിമല വിഷയത്തെ ഉപയോഗിച്ചാല്‍ അത് ചട്ടലംഘനമായി കണക്കാക്കി കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നും ടികാ റാം മീണ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.