Latest News

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് 2018 ഫെബ്രുവരി മുതല്‍ ചികിത്സയിലായിരുന്നു. മകന്റെ ഗോവയിലുള്ള വസതിയില്‍ ഞായറാഴ്ച രാത്രി 6.40 ഓടെ ആയിരുന്നു അന്ത്യം. മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്നു.[www.malabarflash.com]

പാന്‍ക്രിയാസില്‍ അര്‍ബുദം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം അമേരിക്കയിലെ ആശുപത്രിയിലും പിന്നീട് ഡല്‍ഹി എയിംസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. അതിനിടെ, കഴിഞ്ഞ ഡിസംബറില്‍ ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം രോഗത്തോട് മല്ലിടുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ജനുവരി 30 ന് ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ആരോഗ്യസ്ഥിതി മോശമായി. 

നരേന്ദ്രമോദി സര്‍ക്കാരില്‍ 2014 മുതല്‍ 2017 വരെ പ്രതിരോധ മന്ത്രിയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നാണ് രാജ്യസഭയിലെത്തിയത്. അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് റഫാല്‍ കരാറില്‍ ഒപ്പുവയ്ക്കുന്നത്.

2000 ലാണ് ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹം ആദ്യമെത്തുന്നത്. 2005 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 2012 ല്‍ രണ്ടാം തവണ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ അദ്ദേഹം 2014 വരെ തുടര്‍ന്നു. തുടര്‍ന്നാണ് അദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ എത്തുന്നത്. 2017 മാര്‍ച്ച് 14 ന് വീണ്ടും ഗോവ മുഖ്യമന്ത്രി സ്ഥാനത്തെത്തി. 1999 ജൂണ്‍ മുതല്‍ നവംബര്‍ വരെ ഗോവയിലെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.

മുംബൈ ഐഐടിയില്‍നിന്ന് ബിരുദം നേടിയിട്ടുണ്ട്. ഐഐടിയില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം എംഎല്‍എയാകുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. ഗോവയിലെ മാപുസയില്‍ ജനിച്ച അദ്ദേഹം ചെറുപ്രായത്തില്‍ത്തന്നെ ആര്‍എസ്എസ്സില്‍ അംഗമായി. 

പരേതയായ മേധയാണ് ഭാര്യ. മക്കള്‍: ഉത്പല്‍, അഭിജിത്ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.