Latest News

കൊലക്കേസിലെ പ്രതിയെ കണ്ടെത്താൻ 17 വർഷത്തിനുശേഷം പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

നാദാപുരം: കൊലക്കേസിലെ പ്രതിയെ കണ്ടെത്താൻ 17 വർഷത്തിനുശേഷം എടച്ചേരി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. എടച്ചേരി ആയാടത്തിൽ ജമീലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് ഹമീദിനെ കണ്ടെത്താനാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.[www.malabarflash.com]

2001 സെപ്റ്റംബർ എട്ടിനാണ് എടച്ചേരി സ്വദേശിനി ആയാടത്തിൽ ജമീലയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തിയത്. അസ്വാഭാവിക മരണമാണെന്നായിരുന്നു തുടക്കത്തിലുള്ള പോലീസിന്റെ നിഗമനം. പോസ്റ്റുമോർട്ടം നടത്തിയപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.

എടച്ചേരി പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിൽ ജമീലയുടെ ഭർത്താവ് ഹമീദാണെന്ന് കണ്ടെത്തി. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞില്ല. കൊലപാതകത്തിൽ ഭർത്താവ് ഹമീദിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തുന്ന സമയത്ത് ഇയാൾ സമീപ പ്രദേശങ്ങളിലുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പിന്നീട് ഇയാൾ അപ്രത്യക്ഷമാവുകയായിരുന്നു. പോലീസ് അന്യേഷണം വേണ്ടരീതിയിൽ നടന്നില്ല.

വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്രൈം നമ്പർ 216/2001 ജമീല കൊലക്കേസ് ലോങ് പെൻഡിങ് കേസായിട്ടാണ് ഇപ്പോൾ കിടക്കുന്നത്. ഭർതൃവീട്ടിൽ ക്രൂരമായ പീഡനമേൽക്കേണ്ടിവന്നതായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. ജമീലയുടെ ആഭരണങ്ങൾ വിറ്റതുമായി ബന്ധപ്പെട്ട് അവർ തമ്മിൽ വഴക്കുണ്ടായിരുന്നെന്ന് പരാതിയിൽ പറയുന്നു.

1984 ഏപ്രിലിലാണ് കിഴക്കയിൽ ഹമീദും പാലേരി സ്വദേശി കൊണ്ടോട്ടി സ്വദേശിനി മറിയത്തിന്റെ മകൾ ജമീലയും തമ്മിലുള്ള വിവാഹം നടക്കുന്നത്. കൊലപാതകത്തിനു ശേഷം ഹമീദ് ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയെങ്കിലും പോലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം പ്രതിയെ കണ്ടെത്താൻ പോലീസ് ഇറക്കിയ ലുക്ക് ഔട്ട് നോട്ടീസിലെ ഫോട്ടോ ഇരുപത് വർഷം മുമ്പേ ഉള്ളതാണ്. കാസർകോട്‌ ഭാഗത്ത് താമസിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് പോലീസ് സാമൂഹികമാധ്യമങ്ങളിൽ പ്രതിയുടെ ഫോട്ടോ പ്രചരിപ്പിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്ത പോലീസ് നടപടി ദുരൂഹമായി തുടരുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.