Latest News

വൈദികരെ പൂട്ടിയിട്ട്‌ പള്ളിക്കവര്‍ച്ച അന്തര്‍സംസ്‌ഥാന മോഷ്‌ടാക്കള്‍ പിടിയില്‍

ചങ്ങനാശേരി: വൈദികരെ പൂട്ടിയിട്ട്‌ തൃക്കൊടിത്താനം സെന്റ്‌ സേവ്യേഴ്‌സ്‌ ദേവാലയത്തില്‍നിന്ന്‌ ആറു ലക്ഷം രൂപ കവര്‍ന്ന കേസില്‍ അന്തര്‍ സംസ്‌ഥാന മോഷ്‌ടാക്കള്‍ അറസ്‌റ്റില്‍. തലശേരി പനമ്പറ്റ റാഷിദാ മന്‍സിലില്‍ റൗഫ്‌ (28), ബംഗളുരു കടപ്പക്കരെ ക്രോസ്‌ ജനപ്രിയ അപ്പാര്‍ട്ട്‌മെന്റില്‍ അലക്‌സ്‌ സൂര്യ (25) എന്നിവരാണ്‌ പിടിയിലായത്‌.[www.malabarflash.com] 

നാലു വൈദികരുടെ മുറി ഓടാമ്പലിട്ടു പൂട്ടിയശേഷം ഓഫീസ്‌ മുറി കുത്തിപ്പൊളിച്ചാണ്‌ ഈ മാസം എട്ടിനു പുലര്‍ച്ചെ രണ്ടിനു മോഷണം നടത്തിയത്‌. മോഷ്‌ടിച്ച ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ്‌ ഇരുവരും കുടുങ്ങിയത്‌. പള്ളി കോമ്പൗണ്ടില്‍ സിസി.ടിവി ക്യാമറ ഇല്ലാത്തതും തെളിവുകള്‍ അവശേഷിപ്പിക്കാതെ കടന്നുകളഞ്ഞതും അന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തില്‍ പോലീസിനെ വലച്ചു.

ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദേശാനുസരണം ചങ്ങനാശേരി ഡിവൈ.എസ്‌.പി: എന്‍.രാജന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പലഗ്രൂപ്പുകളായി തിരിച്ച്‌ ജില്ലയിലും സമീപ ജില്ലകളിലുമായി 40 കിലോമീറ്റര്‍ ചുറ്റളവില്‍ ചെറിയ റോഡുകളിേലതുള്‍പ്പെടെ ഇരുന്നൂറില്‍പ്പരം സിസി.ടിവി ക്യാമറാ ദൃശ്യങ്ങള്‍ പോലീസ്‌ പരിശോധിച്ചു.

കോട്ടയം സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച്‌ അന്‍പതിനായിരത്തിലധികം കോളുകളും നിരീക്ഷിച്ചു. ഇവയില്‍ സംശയമെന്ന്‌ തോന്നിയ നമ്പരുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്‌ ഒരാഴ്‌ചയ്‌ക്കകം പ്രതികളെ പിടികൂടാനായത്‌. ഇതേ മാതൃകയില്‍ ചെങ്ങന്നൂരിലെ പള്ളിയിലും കായംകുളത്തെ അമ്പലത്തിലും കവര്‍ച്ചയ്‌ക്കു പ്രതികള്‍ തയാറെടുപ്പു നടത്തിയിരുന്നു. പല

മോഷണക്കേസുകളിലും പ്രതിയായിരുന്ന അലക്‌സ്‌, ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിച്ച സമയത്താണു റൗഫിനെ പരിചയപ്പെട്ടത്‌. ജയിലില്‍മോചിതരായ ഇരുവരും പിന്നീട്‌ ഒന്നിച്ചായിരുന്നു മോഷണം.

പള്ളികളും അമ്പലങ്ങളും ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളും കേന്ദ്രീകരിച്ചു കവര്‍ച്ച നടത്തുന്നതായിരുന്നു രീതി. ബൈക്കില്‍ മീന്‍കച്ചവടമായിരുന്നു റൗഫിന്റെ തൊഴിലെങ്കിലും മോഷണത്തിനു പറ്റിയ ദേവാലയങ്ങളും വീടുകളും മറ്റും കണ്ടെത്താനായിരുന്നു ഇത്‌. കണ്ടെത്തുന്ന സ്‌ഥലങ്ങളില്‍ അലക്‌സിനെയും കൂട്ടി രാത്രിയില്‍ മോഷണം നടത്തും. ഇതിനായി ബംഗളുരുവില്‍ നിന്ന്‌ എത്തുന്ന അലക്‌സ്‌, പിറ്റേന്നു തന്നെ മോഷണമുതല്‍ വീതംവച്ച്‌ തിരിച്ചുപോകും.

കോട്ടയം തിരുവഞ്ചൂര്‍ ഇറഞ്ഞാല്‍ സ്വദേശിയായ അനൂപിന്റെ വീട്‌ അടുത്തകാലത്ത്‌ കുത്തിത്തുറന്നു താലിമാലയും വളയും ഉള്‍പ്പെടെ ഒമ്പതുപവനും സിഡി ഡീലക്‌സ്‌ ബൈക്കും മോഷ്‌ടിച്ചതായി പ്രതികള്‍ സമ്മതിച്ചു.

കോട്ടയം നഗരത്തില്‍ കച്ചവടം നടത്തുന്ന ആലപ്പുഴ ഏവൂര്‍ സ്വദേശിയായ ഹരികുമാറിെന്റ്‌ ഉടമസ്‌ഥതയിലുള്ള യുണിക്കോണ്‍ ബൈക്ക്‌ മോഷ്‌ടിച്ചതും വാകത്താനം വെട്ടിക്കലുങ്ക്‌ സ്വദേശിയുടെ വീട്ടില്‍ നിന്നു മുന്തിയ ഇനം മൊബൈല്‍ ഫോണ്‍, ക്യാമറ, വിദേശ കറന്‍സി എന്നിവ മോഷ്‌ടിച്ചതും തങ്ങളാണെന്നും മൊഴി നല്‍കി.

വാകത്താനം ആശുപത്രിപ്പടി സ്വദേശിയുടെ വീടിന്റെ വാതില്‍ തകര്‍ത്ത്‌ മോഷണശ്രമം നടത്തി. ചിങ്ങവനം പന്നിമറ്റം ഇല്ലിമൂട്‌ സ്വദേശി കുര്യന്‍ കോശിയുടെ വീടിന്റെ രണ്ടാം നിലയില്‍ മോഷണശ്രമം നടത്തിയപ്പോള്‍ ഉടമസ്‌ഥര്‍ എത്തിയതോടെ രക്ഷപ്പെട്ടു. കായംകുളം രണ്ടാംകുറ്റിയില്‍ ദേവീക്ഷേത്രത്തിന്റെ ഓട്‌ പൊളിച്ചും കവര്‍ച്ച നടത്തി. പത്തനംതിട്ട കോയിപ്പുറത്ത്‌ വീടിന്റെ വാതില്‍ പൊളിച്ച്‌ ഒന്നരപ്പവന്റെ മാലയും മോഷ്‌ടിച്ചതായും പ്രതികള്‍ വെളിപ്പെടുത്തി.

തൃക്കൊടിത്താനം എസ്‌.എച്ച്‌.ഒ: പി.പി. ജോയി, എസ്‌.ഐ: പി.എം.ഷെമീര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്‌ഥരായ വി.എസ്‌.മനോജ്‌ കുമാര്‍, സതീഷ്‌, പി.എസ്‌.രജനീഷ്‌, ജില്ലാ പോലീസ്‌ മേധാവിയുടെ സ്‌ക്വാഡ്‌ അംഗങ്ങളായ സിബിച്ചന്‍ ജോസഫ്‌, അന്‍സാരി, ആന്റണി സെബാസ്‌റ്റ്യന്‍, പ്രതീഷ്‌ രാജ്‌, അരുണ്‍, എഎസ്‌ഐമാരായ മോഹനന്‍, ഷാജിമോന്‍, സ്‌റ്റേഷന്‍ ഓഫിസര്‍മാരായ രഞ്‌ജീവ്‌ ദാസ്‌, ഷാജി ആന്റണി, മനോജ്‌, ശ്രീകുമാര്‍, സെബാസ്‌റ്റ്യന്‍, പി.എം.ബിജു, മണിലാല്‍, പിഷോര്‍ലാല്‍, സുജിത്‌, കലേഷ്‌, മനേഷ്‌ ദാസ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്‌. ഇവരെ മോഷണം നടന്ന പള്ളിയിലെത്തിച്ചു തെളിവെടുപ്പ്‌ നടത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.