Latest News

വിഷു ആഘോഷിക്കാന്‍ നാട്ടിലെത്തിയ ഗള്‍ഫുകാരന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

നീലേശ്വരം: വിഷു ആഘോഷിക്കാനായി രണ്ടാഴ്ച മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരണപ്പെട്ടു.[www.malabarflash.com]

അപകടത്തില്‍ സഹോദരന്റെ ഭാര്യ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാലിച്ചാമരം പള്ളപ്പാറയിലെ പരേതനായ പാലങ്കി ചെറിയ അമ്പുക്കുഞ്ഞി ആമ്പിലേരി രുഗ്മിണി ദമ്പതികളുടെ മകന്‍ എ രതീഷ്(40) ആണ് പരിയാരം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്.

അപകടത്തില്‍ രതീഷിന്റെ കൂടെയുണ്ടായിരുന്ന അര്‍ധസഹോദരന്‍ പള്ളപ്പാറയിലെ സന്തോഷ് (38), രതീഷിന്റെ ഗള്‍ഫിലുള്ള സഹോദരന്‍ ദിലീഷിന്റെ ഭാര്യ രഞ്ജുഷ (21), ഓട്ടോറിക്ഷ ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കേറ്റു. നാട്ടുകാര്‍ ഉടന്‍ നാലുപേരെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു.

എന്നാല്‍ അതീവ ഗുരുതരനിലയിലായിരുന്ന രതീഷിനെയും രഞ്ജുഷയെയും മംഗലാപുരം എജെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രതീഷ് രാത്രി 10.30ഓടെ മരണപ്പെടുകയായിരുന്നു. രഞ്ജുഷ അപകടനില തരണം ചെയ്തു.

നാലു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്ന് വന്ന സന്തോഷിനെ നടുവേദനയുടെ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഡോക്ടറെ കാണിക്കാനായി പോയതായിരുന്നു രതീഷ്. പിലാത്തറയില്‍ ബസിറങ്ങിയ ഇരുവരും പിലാത്തറയിലെ വീട്ടില്‍ നിന്നും രഞ്ജുഷയെയും കൂട്ടി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ എതിരെ വന്ന കാര്‍ ഇടിച്ചത്. അപകടത്തില്‍ ഓട്ടോറിക്ഷയുടെയും കാറിന്റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

മൃതദേഹം നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ നാട്ടിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് കാലിച്ചാമരം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് കൊണ്ടുവരും. 

രാവണേശ്വരം സ്വദേശി രജിതയാണ് ഭാര്യ. ഏകമകള്‍ ദിയ (ആറ്). രതീഷിന്റെ മറ്റൊരു സഹോദരന്‍ രാജേഷ് (ഹൈക്കോടതി, എറണാകുളം).

വിഷു ആഘോഷിക്കാനായി നാട്ടിലെത്തിയ രതീഷ് ഈ മാസം 21ന് ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.