Latest News

'ദൈവദൂതന്റെ' പ്രിയതമയെ തേടി അഭിലാഷെത്തി; വികാരതീവ്രമായി കൂടിക്കാഴ്ച

കാഞ്ഞങ്ങാട്: മരണാനന്തരം തനിക്ക് പ്രാണന്‍ ദാനമായി നല്‍കിയ ഈശ്വരതുല്യന്റെ പ്രിയതമയെയും കുടുംബത്തെയും നേരില്‍ക്കണ്ടപ്പോള്‍ അഭിലാഷിന്റെ കണ്ണുകള്‍ നിറഞ്ഞു. നന്ദി പറയാനാവാതെ അവന്റെ ചുണ്ടുകള്‍ വിറച്ചു. അപൂര്‍വ്വമായിരുന്നു ആ കൂടിക്കാഴ്ച.[www.malabrflash.com]

കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍കാവിലെ വേങ്ങത്താനം ഹൗസില്‍ പരേതനായ ജെയിംസിന്റെ വീട്ടിലാണ് ഈ അപൂര്‍വ്വ സംഗമം നടന്നത്. തന്റെ പ്രിയതമന്‍ ജീവാംശം പകുത്തു നല്‍കിയ അഭിലാഷിനെ കാണാന്‍ ഭാര്യ ആനി ജെയിംസും, മകള്‍ ജസ്‌നി ജെയിംസും കൊതിയോടെ കാത്തിരിക്കുകയായിരുന്നു.

2013 ഒക്‌ടോബര്‍ 15ന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ജെയിംസ് മരണപ്പെട്ടത്. മരിക്കുന്നതിന് മുമ്പ് തന്നെ 14 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം വിരമിച്ച് 20 വര്‍ഷത്തോളം ദുബായില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്ത ജെയിംസ് പിന്നീട് കാഞ്ഞങ്ങാട് ജെന്നി ഫ്‌ളവേഴ്‌സില്‍ ജോലി ചെയ്യവെ ഉടമ ജെന്നിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ അവയവദാന സമ്മതപത്രത്തില്‍ ഒപ്പുവെച്ച കൂട്ടത്തില്‍ ജെയിംസും തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായി.

പടന്നക്കാട് ഗുഡ് ഷെപ്പേഡ് പള്ളിയിലെ വികാരിയായ മാത്യു പയ്യനാടായിരുന്നു അവയവദാനം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജെയിംസിന്റെ ഭാര്യയും കുടുംബവും ഇതിന് പൂര്‍ണ സമ്മതം മൂളുകയും ചെയ്തു. ജെയിംസ് മരണപ്പെട്ട ഉടന്‍ തന്നെ അവയവം ആവശ്യമുള്ള ആളുകളെ തേടി ഡോ. ബൈജു കുണ്ടിലും, പരിയാരം മെഡിക്കല്‍ കോളേജിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ സി അഭിലാഷും അന്വേഷണം നടത്തി.

കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ക്ക് യോജിക്കുന്നതാണ് ജെയിംസിന്റെ കിഡ്‌നികളെന്ന് കണ്ടെത്തി. അന്നുരാത്രി 10 മണിയോടെ ആരംഭിച്ച മാരത്തണ്‍ ശസ്ത്രക്രിയ പുലര്‍ച്ചെ 4.48ന് സമാപിച്ചപ്പോള്‍ കരള്‍, കിഡ്‌നികള്‍, കണ്ണുകള്‍ എന്നിവ നീക്കം ചെയ്തു. എന്നാല്‍ ക്രോസ് മാച്ചിംഗ് ശരിയാവാത്തതിനാല്‍ കരള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. കിഡ്‌നികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മിംസ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അഭിലാഷ്, മലപ്പുറം സ്വദേശി ഫസീല എന്നിവര്‍ക്കാണ് പുതുജീവന്‍ സമ്മാനിച്ചത്.

കണ്ണുകള്‍ ഏഴിമല നാവിക അക്കാദമിയിലെ പാറ്റ്‌ന ജീവനക്കാരന്റെ പിതാവ് നന്ദാഗോപാല്‍ സിംഗിനും വെളിച്ചം നല്‍കി.

പുതുജീവന്‍ കിട്ടിയതുമുതല്‍ ജെയിംസിന്റെ ഭാര്യ ആനിയെയും കുടുംബത്തെയും കാണണമെന്ന അടങ്ങാനാവാത്ത ആഗ്രഹത്തിലായിരുന്നു അഭിലാഷ്. എന്നാല്‍ അസുഖം മൂലം ദീര്‍ഘയാത്ര നടത്താന്‍ കഴിയാത്തതിനാല്‍ ഇത്രയും കാലം ഫോണ്‍ സംഭാഷണത്തിലൂടെ തന്റെ നന്ദിയും സൗഹൃദവും പുതുക്കുകയായിരുന്നു അഭിലാഷും കുടുംബവും.

എന്നാല്‍ പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചുവന്നതോടെ ആനി ജെയിംസിനെയും മകള്‍ ജസ്‌നയെയും കുടുംബത്തെയും കാണാനായി കഴിഞ്ഞ ദിവസം അഭിലാഷും സഹോദരന്‍ അമിതാഷും അമിതാഷിന്റെ മകന്‍ ആദര്‍ശും മുത്തപ്പനാര്‍ കാവിലെ വീട്ടിലേക്കെത്തി.

ഹൃദ്യമായ വരവേല്‍പ്പായിരുന്നു ആനി ജെയിംസും കുടുംബവും അഭിലാഷിനും സഹോദരനും ഒരുക്കിയത്. ഏറെനേരം സൗഹൃദം പങ്കുവെച്ച ശേഷം ഉച്ചഭക്ഷണവും കഴിഞ്ഞാണ് അഭിലാഷും സഹോദരനും മടങ്ങിയത്. ആനി ജെയിംസ് മകള്‍ ജസ്‌നി ജെയിംസ് മരുമകന്‍ സജി വര്‍ഗ്ഗീസ് ചെറുമക്കളായ ആരോണ്‍, ആവ്രിന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് അഭിലാഷിനെയും സഹോദരനെയും ഹൃദ്യമായി വരവേറ്റത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.