Latest News

15 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകംതന്നെ; അമ്മ അറസ്റ്റില്‍

ആലപ്പുഴ: ചേര്‍ത്തല പട്ടണക്കാട്ട് പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസിന്റെ ചോദ്യംചെയ്യലിനിടെ അമ്മ ആതിര കുറ്റം സമ്മതിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.[www.malabarflash.com] 

രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുറ്റം സമ്മതിച്ചതിന് പിന്നാലെ യുവതിയെ പോലീസ് അറസ്റ്റുചെയ്തു.

പട്ടണക്കാട്ട് കൊല്ലംവയല്‍ കോളനിയില്‍ ഷാരോണിന്റെ മകള്‍ പതിനഞ്ച് മാസം പ്രായമുള്ള ആതിഷയാണ് കൊല്ലപ്പെട്ടത്. മൃതദേഹം മറവുചെയ്തതിന് പിന്നാലെ അമ്മ ആതിര, മുത്തച്ഛന്‍ ബൈജു എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഉറക്കി കിടത്തിയ കുഞ്ഞിനെ പിന്നീട് ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പറഞ്ഞ ആതിര ഇന്ന് കുറ്റമേറ്റ് പറയുകയായിരുന്നു.

നിരന്തരം കലഹമുണ്ടാകുന്ന വീടായിരുന്നു ഇവരുടേത്. രണ്ട് മാസം മുന്‍പ് ഷാരോണും ആതിരയും ചേര്‍ന്ന് അമ്മ പ്രിയയെ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ അമ്മയും അച്ഛനും റിമാന്‍ഡിലായതോടെ 13 മാസം പ്രായമുണ്ടായിരുന്ന കുഞ്ഞിനും ആറ്  ദിവസം ജയിലില്‍ കഴിയേണ്ടിവന്നു. രണ്ട് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ആതിര കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നെന്ന് മുത്തശ്ശി പറഞ്ഞിരുന്നു. പോലീസ് ഇടപെടലുമുണ്ടായി.

ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോട് കൂടിയാണ് ചലനമറ്റ കുഞ്ഞിനെ ചേര്‍ത്തല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയം തോന്നിയ ഡോക്ടര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടമാണ് കേസില്‍ നിര്‍ണായകമായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.