
കൊച്ചി: കണ്ണമാലിയില്‍ വീട്ടമ്മയെ തോര്‍ത്തുമുണ്ട് ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കണ്ണമാലി കുതിരൂര്‍ക്കരി വലിയവീട്ടില്‍ ഷേര്‍ളി (44) യാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സേവ്യറിനെ (67) കണ്ണമാലി പോലീസ് അറസ്റ്റ് ചെയ്തു. വെളളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു കൊലപാതകം.[www.malabarflash.com]
ഭാര്യയിലുള്ള സംശയത്തെത്തുടർന്നു മാസങ്ങളായി നിലനിന്നിരുന്ന വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. അര്‍ധരാത്രിയിലും മറ്റും ഭാര്യ ഫോണില്‍ സംസാരിക്കുന്നതു സേവ്യർ പലതവണ വിലക്കിയിരുന്നു. സംഭവദിവസം രാത്രിയിലും ഇതേച്ചൊല്ലി കൈയാങ്കളിയും വാക്കേറ്റവുമുണ്ടായി. ഇതേത്തുടർന്നു തോര്‍ത്തുമുണ്ട് കൊണ്ടു ഷേര്‍ളിയുടെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നു പ്രതി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
ഷേര്‍ളി തൊഴിലുറപ്പു തൊഴിലാളിയാണ്. കണ്ണമാലിയില്‍ ചെമ്മീന്‍ കെട്ടിലാണ് സേവ്യര്‍ ജോലി ചെയ്യുന്നത്. ഏതാനും ദിവസം മുമ്പു ജോലിയുടെ ആവശ്യത്തിനെന്നു പറഞ്ഞു പാലക്കാട്ടേക്കു പോയ ഷേര്‍ളിയെ കാണാനില്ലെന്നു കാണിച്ചു സേവ്യര്‍ പോലീസിനു പരാതി നല്‍കിയിരുന്നു. പോലീസ് ഇടപെട്ട് ഇവരെ തിരികെയെത്തിച്ചു. വീണ്ടും പാലക്കാട്ടേക്ക് ജോലിക്കു പോകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും സേവ്യർ സമ്മതിച്ചില്ല.
ജോലിക്കു വരാനാവശ്യപ്പെട്ട് നിരന്തരം ഫോണ്‍ വരുന്നതായി ഇവര്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടിനും ഫോണ്‍ വന്നു. ഫോണ്‍ പിടിച്ചുവാങ്ങിയ സേവ്യര്‍ മേലാല്‍ ഫോണ്‍ വിളിക്കരുതെന്നു താക്കീത് നല്കി. താനിനിയും ഫോണ്‍ വിളിക്കുമെന്നു ഷേര്‍ളി പറഞ്ഞതാണു സേവ്യറിനെ പ്രകോപിപ്പിച്ചതെന്നു പറയുന്നു.
സംഭവസമയത്തു വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഇവരുടെ 19 വയസുകാരന് മകന് ഷേര്‍ളിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം സേവ്യര്‍ അയല്പക്കത്തുള്ള വീട്ടിലെത്തി ഷേര്‍ളിയുടെ ബന്ധുക്കളെ ഫോണില്‍ വിളിക്കണമെന്നാവശ്യപ്പെട്ടെങ്കിലും നമ്പറില്ലാത്തതിനാല്‍ വിളിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു താന്‍ ഷേര്‍ളിയെ കൊലപ്പെടുത്തിയെന്നും പോലീസില്‍ വിവരമറിയിക്കണമെന്നും പറഞ്ഞു.
ഷേര്‍ളി മരിച്ചു കിടക്കുന്നതു കണ്ട അയല്‍വീട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. തമിഴ്നാട്ടില്‍ ഒരു കൊലപാതക കേസില്‍ സേവ്യര്‍ പ്രതിയാണെന്നു നാട്ടുകാര്‍ പറയുന്നു. മുന്‍ ഭാര്യയെയും ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. ആദ്യഭാര്യയുടെ മരണശേഷം ഒറ്റയ്ക്കു താമസിച്ചിരുന്ന ഇയാളുടെ അമ്മയ്ക്കു കൂട്ടു കിടക്കാന്‍ വന്നിരുന്ന അയൽവാസിയായ ഷേര്‍ളിയുമായി അടുപ്പത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു.
വലിയ ആള്‍താമസമില്ലാത്ത പ്രദേശമായതിനാല്‍ കൊലപാതകം നടന്ന വിവരം നേരം പുലര്ന്നശേഷമാണു നാട്ടുകാര്‍ അറിഞ്ഞത്.
No comments:
Post a Comment