Latest News

നാടിന‌് ആഘോഷമായി പിണറായിയുടെ പര്യടനം ജനനായകന‌് വീരോചിത വരവേൽപ‌്

കാസർകോട‌്: ജനനായകനെ കാണാനും കേൾക്കാനും കാസർകോട‌് പ്രവഹിക്കുകയായിരുന്നു. കുട്ടികൾ മുതൽ വയോധികർ വരെ വെള്ളിയാഴ‌്ച വൈകിട്ട‌് കുതിച്ചെത്തിയത‌് കാസർകോട‌് നഗരത്തിലേക്ക‌്.[www.malabarflash.com] 

ഇടതുപക്ഷത്തെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വരവ‌് കാസർകോട‌് ആഘോഷമാക്കി. വൈകിട്ട‌് നാലു മുതൽ കാത്തിരിക്കുന്ന ആയിരങ്ങളിലേക്ക‌് 7.30 ഓടെ പിണറായി എത്തിയപ്പോൾ അവർ ഇളകിമറിഞ്ഞു. ആരവവുമായി ആകാശത്ത‌് കതിന വെടികൾ വർണാഭമായി വിടർന്നു. അതിനൊപ്പം പ്രവർത്തകരും നേതാക്കളും മുദ്രാവാക്യങ്ങളുമായി ഇളകിമറിഞ്ഞു. വേദിയിലെത്തി കുട്ടികളുടെ ഹസ‌്തദാനം.
പതിയെ തുടങ്ങിയ പ്രസംഗം പിന്നീട‌് മികച്ച ഫോമിലായി. രാജ്യത്ത‌് തെരഞ്ഞെടുപ്പ‌് ഒന്നും രണ്ടും ഘട്ടം പിന്നിട്ടപ്പോൾ കേന്ദ്ര ഭരണത്തിലിരിക്കുന്നവർ വല്ലാത്ത അസ്വസ്ഥത പ്രകടിപ്പിക്കുകയാണ‌്. കേരളത്തെക്കുറിച്ച‌് വസ‌്തുതാ വിരുദ്ധമായ കാര്യങ്ങളാണ‌് പ്രധാനമന്ത്രി ഇവിടെയെത്തി പറയുന്നത‌്. ആർഎസ‌്എസ‌് പ്രചാരകന്റെ ശീലം പ്രകടിപ്പിക്കുകയാണ‌് അദ്ദേഹം. ഒരു നുണ പലതവണ പറഞ്ഞാൽ സത്യമാകുമെന്ന ആർഎസ‌്എസ‌് ശൈലിയാണിത‌്. 

 ദൈവത്തിന്റെ പേര‌് പറഞ്ഞവരെയല്ല ശബരിമലയിൽ ഭക്തരെ അക്രമിച്ചവരെയാണ‌് നിയമത്തിന്റെ കരങ്ങൾ പിടികൂടിയത‌്. അക്രമികൾക്ക‌് പിന്നിൽ മോഡിയെന്ന‌് കരുതിയില്ല. ഇപ്പോൾ കാര്യങ്ങൾ വ്യക്തമാകുന്നുണ്ട‌്. വിചാരിച്ചത‌് നടന്നില്ലെന്ന ഇച്ഛാഭംഗമാണ‌് മോഡിയുടെ നുണകൾക്ക‌് പിന്നിൽ. 

ബിജെപി സംസ്ഥാനങ്ങളിൽ ചെയ്യുന്നത‌് പോലെ ക്രിമിനലുകൾക്കും കൊലയാളികൾക്കും പരിതോഷികം നൽകില്ല കേരളത്തിൽ. നിയമത്തിന്റെ കരങ്ങളിലാക്കും. മറ്റു മതസ്ഥരെ ആർഎസ‌്എസുകാർ അക്രമിച്ചപ്പോൾ ഇടതുപക്ഷവും കമ്യൂണിസ‌്റ്റുകാരുമാണ‌് പ്രതിരോധിക്കാനുണ്ടായത‌്. സ്വന്തം വിശ്വസ‌്തത കളഞ്ഞു കുളിക്കുന്നതാണ‌് മോഡിയുടെ പ്രസ‌്താവനകൾ.
പ്രളയത്തിന‌് കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നാണ‌് പ്രധാനമന്ത്രി പറഞ്ഞത‌്. ഇപ്പോഴാണ‌് ഇയാളുടെ ഉള്ളരിപ്പ‌് അറിഞ്ഞത‌്. തകർന്ന കേരളത്തെ കൂടുതൽ തകർക്കാനാണ‌് മോഡി ശ്രമിച്ചത‌്. ആവശ്യപ്പെട്ട സഹായം നൽകിയില്ലെന്ന‌് മാത്രമല്ല. മറ്റു രാജ്യങ്ങളിൽ നിന്നുള്ള സഹായവും നിഷേധിച്ചു.
പ്രളയത്തെ കേരളം ഐക്യത്തോടെ നേരിട്ട രീതിയെ ലോകമാകെ പ്രകീർത്തിച്ചു. ഇത‌് മോഡിക്ക‌് ഇഷ്ടപ്പെട്ടിരിക്കില്ല. 

 ഒരു കാര്യം മനസിലാക്കി കൊള്ളണം. ഇത‌് കേരളമാണ‌്. ഏത‌് പാര വന്നാലും ഇനിയും പ്രളയം വന്നാലും നവകേരളത്തെ പുനഃസൃഷ്ടിക്കും . ഓർത്തോളണം.
റഫേൽ അഴിമതി പ്രതിസ്ഥാനത്ത‌് നിൽക്കുന്നയാൾ പറയുന്നു കേരളത്തിൽ അഴിമതിയുണ്ടെന്ന‌്. കേരളത്തിൽ ഒരു മന്ത്രിക്കെതിരെയും അഴിമതി ആരോപണമില്ല. പ്രധാനമന്ത്രി വിടുവായനായി. പ്രധാനമന്ത്രിയുടെ നാക്കിൽ നിന്ന‌് വരേണ്ടാത്ത കാര്യങ്ങളാണ‌് അദ്ദേഹം പറയുന്നത‌്. ഒന്നാം സ്ഥാനത്ത‌് അവകാശപ്പെട്ട മണ്ഡലങ്ങളിൽ മൂന്നാംസ്ഥാനത്താണ‌് ഇപ്പോഴുള്ളതെന്ന നിരാശയിലാണ‌് പ്രധാനമന്ത്രി കേരളത്തിൽ നുണകൾ പറയുന്നത‌്.
ബിജെപിയിലേക്ക‌് അനുദിനം നേതാക്കൾ കൂടുമാറുന്ന കോൺഗ്രസിനെ ജനങ്ങൾ വിശ്വസിക്കുന്നില്ല. 2004 ൽ നേടിയ 18ൽ കൂടുതൽ സീറ്റ‌് ഇത്തവണ എൽഡിഎഫ‌് നേടും. പിണറായി ഉറപ്പിച്ച‌് പറയുമ്പോൾ കരഘോഷം നിലയ‌്ക്കുന്നില്ല. എൻഡോസൾഫാൻ ദുരിതബാധിതൻ കിരൺരാജ‌് വരച്ച മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹത്തിന‌് കൈമാറിയപ്പോൾ സദസ‌ിന്റെ അനുമോദനം.
തെരഞ്ഞെടുപ്പ‌് റാലിയിൽ അസീസ‌് കടപ്പുറം അധ്യക്ഷനായി. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പി കരുണാകരൻ എംപി, ഡോ. വിജു കൃഷ‌്ണൻ, സി എച്ച‌് കുഞ്ഞമ്പു, ടി വി രാജേഷ‌് എംഎൽഎ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ‌്ണൻ, എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രൻ എന്നിവർ സംസാരിച്ചു. സിജി മാത്യു സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.