Latest News

പൊതുസ്ഥലത്തുവെച്ച് പരസ്യമായി ചുംബിക്കുകയായിരുന്ന കമിതാക്കളെ ചോദ്യം ചെയ്ത യുവാവിന്റെ കൈ തല്ലിയൊടിച്ചു

നീലേശ്വരം: പൊതുസ്ഥലത്തുവെച്ച് പരസ്യമായി ചുംബിക്കുകയായിരുന്ന കമിതാക്കളെ ചോദ്യം ചെയ്ത അമ്പലവാസി യുവാവിന്റെ കൈ തല്ലിയൊടിച്ചു. നീലേശ്വരത്തെ ബോധി ബുക്‌സ് ഉടമ കിഴക്കന്‍കൊഴുവലിലെ രമേശ(48)ന്റെ കൈയ്യാണ് കമിതാക്കള്‍ തല്ലിയൊടിച്ചത്.[www.malabarflash.com]

നീലേശ്വരം ബസ് സ്റ്റാന്റില്‍ നിന്നും മന്ദംപുറത്ത് കാവിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ചാണ് സംഭവം. ഞായറാഴ്ച ഉച്ചക്ക് രമേശന്‍ വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ഇടവഴിയില്‍ വെച്ച് രണ്ട് യുവാക്കളും രണ്ട് പെണ്‍കുട്ടികളും പരസ്യമായി ചുംബിക്കുന്നതായി കണ്ടത്. എന്നാല്‍ പൊതുവഴിയില്‍ വെച്ച് ഇത് ശരിയല്ലെന്ന് പറഞ്ഞ് ചോദ്യം ചെയ്ത രമേശനെ കമിതാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ഓവുചാലിലേക്ക് തള്ളിയിടുകയുമായിരുന്നു. ഓവുചാലില്‍ വീണ വീഴ്ചയിലാണ് രമേശന്റെ കൈയ്യെല്ല് പൊട്ടിയത്.

രമേശന്റെ നിലവിളി കേട്ട് പരിസരവാസികള്‍ എത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. കൈയ്യെല്ല് പൊട്ടിയ രമേശന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അക്രമികളെ തിരിച്ചറിയാനായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ റസിഡന്‍സ് അസോസിയേഷന്‍ പരിശോധിച്ചുവരികയാണ്. മന്ദംപുറത്തുകാവിലുള്ള ഇടവഴിയില്‍ പതിവായുള്ള കമിതാക്കളുടെ പ്രണയസല്ലാപം യാത്രക്കാര്‍ക്ക് ശല്യമാകുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.

രാജാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, മന്ദംപുറത്തുകാവിലേക്കുള്ള ഭക്തജനങ്ങള്‍ തുടങ്ങി ദിവസേന നൂറുകണക്കിനാളുകള്‍ കടന്നുപോകുന്ന ഇടവഴിയിലാണ് കമിതാക്കളുടെ പ്രണയസല്ലാപങ്ങള്‍ അരങ്ങേറുന്നത്. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കാനും നടവഴിയരികിലെ വീടുകളില്‍ സിസി ക്യാമറകള്‍ സ്ഥാപിക്കാനും ഞായറാഴ്ച ചേര്‍ന്ന കിഴക്കന്‍കൊഴുവല്‍ റസിഡന്‍സ് അസോസിയേഷന്റെ അടിയന്തിര യോഗം തീരുമാനിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.