Latest News

റസീനയെ കൊളംബോയില്‍ നിര്‍ത്തി ഭര്‍ത്താവ് ദുബൈയിലേക്ക് പോയി; വിമാനമിറങ്ങിയപ്പോള്‍ കേട്ടത് ദുരന്തവാര്‍ത്ത

കാസര്‍കോട്: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ റസീന ഒരാഴ്ച മുമ്പാണ് അവിടെ എത്തിയത്. കൊളംബോയിലുള്ള സഹോദരനെയും ബന്ധുക്കളെയും കാണാനാണ് റസീനയും ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍ കുക്കാദിയും അവിടേക്ക് യാത്ര തിരിച്ചത്. കൊളംബോയില്‍ ഷാംഗിരി-ലാ ഹോട്ടലിലായിരുന്നു ഇവരുടെ താമസം.[www.malabarflash.com]

ഇരുവരും കുടുംബസമേതം ദുബൈയിലാണ് താമസം. ഞായറാഴ്ച രാവിലെ റസീനയെ ഹോട്ടലില്‍ നിര്‍ത്തി അബ്ദുല്‍ ഖാദര്‍ ദുബൈയിലേക്ക് പോകുകയായിരുന്നു. അദ്ദേഹം ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് ശ്രീലങ്കയില്‍ സ്ഫോടനം നടന്ന വാര്‍ത്ത അറിയുന്നത്. തന്റെ ഭാര്യ താമസിച്ച ഷാംഗിരി-ലാ ഹോട്ടലിലും സ്‌ഫോടനം നടന്ന വിവരം അറിഞ്ഞ അദ്ദേഹം ഉടന്‍ തന്നെ കൊളംബോയിലേക്ക് തിരിച്ചുവിമാനം കയറുകയായിരുന്നു.

മംഗലാപുരം സ്വദേശിയാണ് അബ്ദുല്‍ ഖാദര്‍ കുക്കാദി. കുക്കാദി കുടുംബാംഗമായ അദ്ദേഹത്തിന് മംഗലാപുരത്ത് വ്യാപാര സ്ഥാപനമുണ്ട്. കുക്കാദി കുടുംബം ഇവിടെ ബെര്‍ട്രാന്‍ഡ് റസല്‍ സ്‌കൂള്‍ എന്ന പേരില്‍ സ്‌കൂളും നടത്തുന്നുണ്ട്. അബ്ദുല്‍ ഖാദര്‍ – റസീന ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ഇവര്‍ അമേരിക്കയിലാണ്.

റസീയുടെ മയ്യിത്ത് നാട്ടില്‍ എത്തിക്കുന്നതിന് ശ്രമം ആരംഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നോര്‍ക്ക ഇതിനായി കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.