Latest News

23 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന കറന്‍സികള്‍ മോഷ്ടിച്ച സംഘം അറസ്റ്റില്‍

ഷാര്‍ജ: മാരകായുധങ്ങളുമായി ഷാര്‍ജയിലെ ഒരു പണമിടപാട് സ്ഥാപനം കൊള്ളയടിച്ച് 23 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വിദേശ കറന്‍സികള്‍ തട്ടിയെടുത്ത സംഘാംഗങ്ങളെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. [www.malabarflash.com]

ഷാര്‍ജ അല്‍ താവൂന്‍ ഭാഗത്തെ അല്‍ അന്‍സാരി എക്സ്‌ചേഞ്ചില്‍ നിന്ന് 23 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വിദേശ കറന്‍സികളും അറബ് കറന്‍സികളും കൊള്ളയടിച്ച അഞ്ചംഗ നൈജീരിയന്‍ സംഘത്തെയാണ് ഷാര്‍ജ പോലീസ് പിടികൂടിയത്. 

മാര്‍ച്ച് 20ന് അര്‍ധരാത്രിയാണ് ഏഴ് മിനുറ്റ് നീളുന്ന കൊള്ള ഇവര്‍ നടത്തിയത്. ഇവരുടെ പക്കല്‍ നിന്ന് 23 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വിദേശ കറന്‍സികള്‍ പിടികൂടിയതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഷാര്‍ജ പോലീസ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് സിരി അല്‍ ശംസി ഇതുസംബന്ധമായ വിവരം പുറത്തുവിട്ടത്. സംഘത്തിലെ നാല് പേര്‍ ധനകാര്യ സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരെ സംഘം ആക്രമിച്ചു. അഞ്ചാമന്‍ കാറുമായി പുറത്തു കാത്തുനിന്നു. പണം മുഴുവന്‍ കവര്‍ച്ച നടത്തുന്നതിന് മുന്‍പ് ജീവനക്കാരെ മാരകായുധങ്ങള്‍ കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏഴ് മിനുറ്റുകള്‍ക്കുള്ളില്‍ സംഘം കവര്‍ച്ച നടത്തി കടന്ന് കളഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കവര്‍ച്ചയെ കുറിച്ച് ജീവനക്കാര്‍ പോലീസില്‍ അറിയിക്കും മുന്‍പ് സംഘം കടന്ന് കളഞ്ഞിരുന്നു. പോലീസിനെ വിവരം അറിയിക്കുന്ന അലാം സംവിധാനം നാല് മിനുറ്റ് പ്രവര്‍ത്തന രഹിതമാകുകയായിരുന്നു. ജീവനക്കാര്‍ ഇവ ശരിയാക്കി പോലീസില്‍ വിവരം അറിയിക്കുമ്പഴേക്കും സംഘം കടന്ന് കളഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. 

സംഭവത്തെ കുറിച്ച് വിവരം അറിഞ്ഞയുടന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ധനകാര്യ സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് സംഘത്തിലുള്ളവരുടെ മുഖങ്ങള്‍ തിരിച്ചറിഞ്ഞു.

കാര്‍ ഓടിച്ചിരുന്ന ഡ്രൈവറെ കാറിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് 48 മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. എന്നാല്‍ വാഹനം എമിറേറ്റിന്റെ പുറത്തുകടത്തിയ ശേഷം മറ്റ് പ്രതികള്‍ പലവഴിക്കായി വേര്‍തിരിഞ്ഞിരുന്നു. തുടര്‍ന്ന് അവരുടെ ഫെയ്സ്ബുക് അക്കൗണ്ട് വഴിയാണ് പരസ്പരം ആശയ വിനിമയം നടത്തിയിരുന്നത്. 

ഷാര്‍ജ പോലീസിന് കീഴില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മറ്റ് എമിറേറ്റുകളിലെ പോലീസ് സംഘങ്ങളുമായി സഹകരിച്ച് നടത്തിയ വിദഗ്ധ അന്വേഷണത്തില്‍ ഷാര്‍ജ, അജ്മാന്‍, റാസ് അല്‍ ഖൈമ, അബുദാബി എന്നിവിടങ്ങളില്‍ ഒളിവിലായിരുന്ന സംഘാംഗങ്ങളെ പിടികൂടുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘത്തിലെ മൂന്ന് പേര്‍ രാജ്യത്തെ താമസ വിസയിലുള്ളവരാണ്. രണ്ടു പേര്‍ സന്ദര്‍ശക വിസയിലുള്ളവരും. സന്ദര്‍ശക വിസയില്‍ രാജ്യത്ത് പ്രവേശിച്ചതിന്റെ അടുത്ത ദിവസമാണ് കവര്‍ച്ച നടത്തിയത്. സംഘത്തിലെ പ്രധാനി കവര്‍ച്ചയുടെ രണ്ട് ദിവസം മുന്‍പാണ് രാജ്യത്തെത്തിയത്. കവര്‍ച്ച നടത്തിയതിന് ശേഷം മുഴുവന്‍ സംഘാംഗങ്ങളും രാജ്യം വിടാനായിരുന്നു പദ്ധതി. കൂടുതല്‍ നിയമ നടപടികള്‍ക്കായി സംഘത്തെ പ്രോസിക്യൂഷന് കൈമാറി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.