Latest News

ഷാനവാസ് പാദൂര്‍ കോണ്‍ഗ്രസ് റിബലായി മത്സരിക്കും

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് റിബല്‍ സ്ഥാനാര്‍ത്ഥിയായി ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂര്‍ മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജില്ലാ കളക്ടര്‍ മുമ്പാകെ വ്യാഴാഴ്ച രാവിലെ പത്രിക നൽകും.[www.malabarflash.com] 

 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നേരത്തെയുള്ള ധാരണ അനുസരിച്ച് കോണ്‍ഗ്രസിന് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഷാനവാസിന്റെ സ്ഥാനാര്‍ത്ഥിത്വം. ജില്ലാ പഞ്ചായത്തില്‍ ഭരണകക്ഷിയായ യുഡിഎഫ് എട്ട് സീറ്റുകളിലാണ് വിജയിച്ചത്. നാലുപേര്‍ കോണ്‍ഗ്രസില്‍ നിന്നും നാലുപേര്‍ മുസ്‌ലിംലീഗില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 17 സീറ്റില്‍ ഏഴ് സീറ്റ് ഇടതുമുന്നണിയും രണ്ടെണ്ണത്തില്‍ ബിജെപിയും ജയിച്ചു.

സംസ്ഥാനതലത്തിലുണ്ടാക്കിയ ധാരണ അനുസരിച്ച് ആദ്യത്തെ രണ്ടര വര്‍ഷം മുസ്‌ലിംലീഗിലെ എ ജി സി ബഷീര്‍ പ്രസിഡണ്ടാവാനും, തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമുഹാജി പ്രസിഡണ്ട് സ്ഥാനം വഹിക്കുവാനും ധാരണയുണ്ടായിരുന്നു. എന്നാല്‍ കാലാവധിക്ക് മുമ്പ് പാദൂര്‍ കുഞ്ഞാമുഹാജി മരണപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ മകന്‍ ഷാനവാസ് പാദൂര്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

നേരത്തെ പിതാവ് വഹിച്ചിരുന്ന ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും ഷാനവാസിന് ലഭിച്ചു. കോണ്‍ഗ്രസിലെ മറ്റൊരു അംഗമായ ഹര്‍ഷാദ് വോര്‍ക്കാടി വികസന കമ്മിറ്റിയുടെ ചെയര്‍മാനാണ്. ശാന്തമ്മ ഫിലിപ്പാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. മുസ്‌ലിംലീഗിലെ ഫരീദ ഷെക്കീര്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്. 

എന്നാല്‍ മുന്‍ ധാരണയനുസരിച്ച് പ്രസിഡണ്ട് സ്ഥാനം ലഭിക്കാന്‍ ഡിസിസി പ്രസിഡണ്ട് താല്‍പ്പര്യമെടുക്കുന്നില്ലെന്ന് ഷാനവാസ് പാദൂര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കെപിസിസി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ല. പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും പാര്‍ട്ടിക്കു വേണമെങ്കില്‍ ആരെ വേണമെങ്കിലും പ്രസിഡണ്ടാക്കാമെന്നുമാണ് ഷാനവാസിന്റെ നിലപാട്. 

ഇനി ഒരു വര്‍ഷമാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി.ഇത് ഉള്‍പ്പെടെ തനിക്കും തന്റെ പിതാവിനും പാര്‍ട്ടിയില്‍ നിന്നുണ്ടായ ഒരിക്കലും പൊറുക്കാന്‍ കഴിയാത്ത ചില സംഭവങ്ങള്‍ പൊതുജനമധ്യത്തില്‍ കൊണ്ടുവരാനാണ് തന്റെ മത്സരമെന്നും ഷാനവാസ് പറയുന്നു.

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ റിബലായി പത്രിക നല്‍കുകയും പിന്നീട് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയും ചെയ്ത നേതാവിനെതിരെ നടപടി എടുക്കാനും ഡിസിസി പ്രസിഡണ്ട് തയ്യാറായിട്ടില്ലെന്നും ഷാനവാസ് പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.