Latest News

പണം പലിശയ്ക്ക് വാങ്ങിയശേഷം വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമൂടി

ഹരിപ്പാട്‌: പണം പലിശയ്ക്ക് വാങ്ങിയശേഷം വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമൂടി. പള്ളിപ്പാട് താമസിക്കുന്ന ചിറയിൻകീഴ് സ്വദേശിയും മുൻ സൈനികനുമായ രാജൻ (75) നെയാണ് മൂന്ന് അംഗ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയത്.[www.malabarflash.com]

സംഭവവുമായി ബന്ധപ്പെട്ട് പള്ളിപ്പാട് തെക്കേക്കര കിഴക്കുംമുറി അമ്പിയിൽ ശ്രീകാന്ത് (26), നീണ്ടൂർ കൊണ്ടൂരേത്ത് രാജേഷ് (36), അയൽവാസിയായ കൊണ്ടൂരേത്ത് വിഷ്ണു (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജനെ രണ്ടാഴ്ച മുൻപ് കാണാതായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പോലീസ് കണ്ടെത്തുന്നത്.

കൊലയ്ക്ക് ശേഷം പള്ളിപ്പാട് കുരീക്കാട് ഉള്ള ആളൊഴിഞ്ഞ പുരയിടത്തിലാണ് പ്രതികള്‍ രാജനെ കുഴിച്ചിട്ടത്. രാജനിൽ നിന്ന് പ്രതികള്‍ പണം പലിശയ്ക്ക് വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോൾ തട്ടികൊണ്ടുപോയി കൊന്ന് കുഴിച്ചു മൂടുകയായിരുന്നു.

ഏപ്രിൽ പത്തു മുതൽ രാജനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ഹരിപ്പാട് പോലീസിൽ പരാതി നൽകിയിരുന്നു. 12ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രാജേഷിനെ കാണാൻ പോകുകയാണന്ന് പറഞ്ഞാണ് രാജൻ വീട്ടിൽ നിന്ന് പോയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ രാജേഷിനെ പല തവണ ചോദ്യം ചെയ്തെങ്കിലും വിവരങ്ങൾ ഒന്നും ലഭിച്ചില്ല.

ഇതിന് ശേഷം രാജേഷുമായി ബന്ധമുള്ള ശ്രീകാന്തിനേയും വിഷ്ണുവിനേയും പൊലിസ് ചോദ്യം ചെയ്തു. മൂവരുടെയും മൊഴിയിലുള്ള വൈരുദ്ധ്യമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പള്ളിപ്പാട് ഭാഗത്തെ സൂപ്പർ മാർക്കറ്റിലെ സിസിടിവി ദ്യശ്യത്തിൽ നിന്ന് ലഭിച്ച ചിത്രങ്ങളിൽ നിന്ന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു.

രാജനെ ഹുണ്ടായ് ഇയോൺ കാറിൽ കയറ്റി കൊണ്ടു പോയതായുള്ള ചിത്രങ്ങൾ ലഭിച്ചു. ഇയോൺ കാറുകളുടെ വിവരങ്ങൾ ശേഖരിച്ച പൊലീസിന് പള്ളിപാട് പ്രദേശത്തെ വിലാസം ലഭിച്ചു. ഇത് രാജേഷിന്‍റെ അമ്മാവന്റെ പേരിലുള്ളതായിരുന്നു. തുടർന്ന് ഇവിടെ എത്തി അന്വേഷിച്ചപ്പോൾ കാർ റെന്‍റിന് നൽകുന്നതാണെന്നും രാജേഷാണ് ഉപയോഗിക്കുന്നതെന്നും മനസിലായി.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. രാജന്‍റെ കൈയ്യിൽ നിന്നും പണം വാങ്ങിയശേഷം തിരികെ നൽകാതിരിക്കാനാണ് കൊല ചെയ്തതെന്ന് പോലീസ് പറഞ്ഞു. വെളളിയാഴ്ച രാവിലെ പ്രതികളിലൊരാളായ ശ്രീകാന്തിനെ സംഭവ സ്ഥലത്തെത്തിച്ച് മറവ് ചെയ്ത സ്ഥലത്തുനിന്ന് മൃതദേഹം പുറത്തെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.