Latest News

കള്ളവോട്ട് ആരോപണം തെറ്റ്; ചെയ്‌തത് ഓപ്പണ്‍ വോട്ട്: എം വി ജയരാജന്‍

കണ്ണൂര്‍: കല്യാശേരി നിയോജക മണ്ഡലത്തിലെ ചില ബൂത്തുകളില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ട് ചെയ്‌തുവെന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.[www.malabarflash.com]

സ്വന്തം വോട്ടിനോടൊപ്പം പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയാത്തവരെ സഹായിച്ചുകൊണ്ട് പോളിങ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ വോട്ട് ചെയ്യാമെന്ന വ്യവസ്ഥ ജനപ്രാതിനിധ്യ നിയമത്തില്‍ തന്നെയുള്ളതാണ്.

ആരോപണ വിധേയയായി പറഞ്ഞിട്ടുള്ള ചെറുതാഴം ഗ്രാമപഞ്ചായത്തിലെ മെമ്പര്‍ സലീന ജനങ്ങള്‍ക്ക് വളരെ സുപരിചിതയാണ്. അവര്‍ കല്യാശേരി മണ്ഡലത്തിലെ 17-ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ്. സലീന സ്വന്തം വോട്ട് ചെയ്യുകയും അതിനുപുറമെ 19-ാം നമ്പര്‍ ബൂത്തിലെ 29-ാം നമ്പര്‍ വോട്ടറായ നഫീസയുടെ സഹായിയായി ഓപ്പണ്‍ വോട്ട് ചെയ്യുകയുമാണ് ചെയ്‌തത്. സലീനയുടെ ഇടത് കൈയിലെ വിരലിലും വലത് കൈയിലെ വിരലിലും മഷി അടയാളം കാണാനാകും. ഇത് തെളിയിക്കുന്നത് രണ്ട് വോട്ട് ചെയ്തത് നിയമാനുസൃതമായിട്ടാണ് എന്നാണ്. ഇതാണ് കള്ളവോട്ടെന്ന പേരില്‍ സലീനയെ അപമാനിക്കും വിധത്തിലുള്ള പ്രചരണം നടത്തുന്നത്.

രണ്ടാമതായി ആരോപണം ഉന്നയിച്ച ഗ്രാമപഞ്ചായത്തിലെ മുന്‍ അംഗമായ സുമയ്യ 24-ാം നമ്പര്‍ ബൂത്തിലെ 315-ാം നമ്പര്‍ വോട്ടറാണ്. അതേ സ്‌കൂളില്‍ തന്നെയാണ് സുമയ്യ 19-ാം നമ്പര്‍ ബൂത്തിലെ 301-ാം നമ്പര്‍ വോട്ടറായ ശാന്തയുടെ ഓപ്പണ്‍ വോട്ട് എന്ന നിലയില്‍ ചെയ്‌തത്. സുമയ്യ പോളിങ് ഏജന്റ് കൂടിയാണ്. പോളിങ് ഏജന്റെന്ന പാസ് ഇപ്പോഴും സുമയ്യയുടെ കൈയിലുണ്ട്. അതുകൊണ്ട് പലപ്പോഴും ബൂത്തിലേക്ക് വരികയും പോകുകയും ചെയ്യും.

അതോടൊപ്പം കല്യാശേരി മണ്ഡലത്തിലെ 19-ാം നമ്പര്‍ ബൂത്തിലെ മറ്റൊരു ഏജന്റാണ് മൂലക്കാലില്‍ കൃഷ്ണന്‍. അദ്ദേഹം 189-ാം നമ്പര്‍ വോട്ടറാണ്. കൃഷ്ണന്റെ ആവശ്യമനുസരിച്ചാണ് ഓപ്പണ്‍ വോട്ട് ചെയ്യുകയും ചെയ്‌തതത്. കെ സി രഘുനാഥ് 19-ാം നമ്പര്‍ ബൂത്തിലെ 994-ാം നമ്പര്‍ വോട്ടറായ, വളരെ ശാരീരിക അവശതയുള്ള ഡോ.കാര്‍ത്തികേയനെ വോട്ട് ചെയ്യാന്‍ കൊണ്ടുവന്നു. കാര്‍ത്തികേയനെ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ കഴിയുമായിരുന്നില്ല. ഇക്കാര്യം പ്രിസൈഡിംഗ് ഓഫീസറോട് പറയാനായി രഘുനാഥ് പോളിങ് ബൂത്തിലേക്ക് കയറി. പോളിങ് ബൂത്തില്‍ കയറുന്ന ആ ദൃശ്യമുപയോഗിച്ചാണ് രഘുനാഥും കള്ളവോട്ട് ചെയ്‌തെന്ന് പ്രചരിപ്പിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഡോ.കാര്‍ത്തികേയന്റെ കാറിന്റെ അടുത്ത് വന്ന് സ്വയം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സഹായിയായി വോട്ട് ചെയ്യാന്‍ സുരേഷ് എന്നയാള്‍ വന്നത്.

എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും രേഖകള്‍ പരിശോധിച്ചുകൊണ്ടുള്ള സൂക്ഷമപരിശോധന പോളിങിന്റെ തൊട്ടടുത്ത ദിവസം നടന്നു. കാസര്‍കോട്‌,കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സൂക്ഷമപരിശോധനയില്‍ കള്ളവോട്ട് നടന്നതായി ഒരു പ്രിസൈഡിംഗ് ഓഫീസറും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

പുറത്തുവന്ന ദൃശ്യങ്ങള്‍ ഒന്നും വ്യാജമല്ല. അവ അടര്‍ത്തിയെടുത്ത് ഇത് കള്ളവോട്ടാണെന്ന് അവതരിപ്പിക്കുന്നതാണ് തെറ്റ്. രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള ഈ പ്രചരണത്തിന്റെ കോടാലിക്കൈയ്യായി ചില മാധ്യമങ്ങള്‍ മാറുന്നത് ഉചിതമല്ല. ചിലരെ പ്രത്യേകമായി ഇതിനുവേണ്ടി ചട്ടംകെട്ടിയിരിക്കുകയുമാണ്. ഇടതുപക്ഷത്തിന്റെ വിജയത്തിളക്കത്തെ കുറച്ച്കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഒരിക്കലും ഇടതുപക്ഷം കള്ളവോട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാറില്ല. അത് കെ സുധാകരന്‍ ചെയ്‌തിട്ടുണ്ട്. മരണപ്പെട്ടവരൊഴിച്ച് ബാക്കിയെല്ലാവരുടെയും വോട്ട് നിങ്ങള്‍ ചെയ്യണമെന്ന് ഉദുമയിലെ വോട്ടര്‍മാരോട് ആഹ്വാനം ചെയ്‌തവരാണ് ഇന്നിപ്പോള്‍ കള്ളവോട്ടെന്ന് ആരോപിച്ച് ഇടതുപക്ഷത്തെ ആക്രമിക്കാന്‍ വരുന്നത്. പരാജയഭീതിയില്‍ പച്ചനുണയാണ് പ്രചരിപ്പിക്കുന്നത്.

ഇടതുപക്ഷ വിജയമുണ്ടാകുമ്പോഴുള്ള മുന്‍കൂര്‍ ജാമ്യമെടുക്കല്‍ മാത്രമാണ് ഈ ആരോപണം. ഇടതുമുന്നണിക്ക് മാധ്യമങ്ങളില്‍ നിന്ന് വന്നിട്ടുള്ളതടക്കം ഏത് ആക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും പരാതിയില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.

ചിലര്‍ക്ക് രാഷ്ട്രീയതാല്‍പര്യം ഏതറ്റം വരെയും പോകുമെന്നതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്. വിദേശത്ത് ഒരു ഹോട്ടലിന്റെ പേര് കമല ഇന്റനാഷണല്‍ എന്നായിപ്പോയി. ആ ഫോട്ടോ കണ്ട ഉടന്‍ ഇവിടുത്തെ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് അത് പിണറായി വിജയന്റേതാണ് എന്നാണ്. കമല പിണറായി വിജയന്റെ ഭാര്യയായിപ്പോയി എന്നതാണ് കാരണം. 

അതുപോലെ രാഷ്ട്രീയമായ ഈ ചൂതാട്ടത്തിന് നാട്ടിലെ ചില മാധ്യമങ്ങള്‍ കൂടി കോടാലിക്കൈയ്യായി പ്രവര്‍ത്തിക്കുന്നത് മാധ്യമധര്‍മവുമല്ല. വസ്‌തുതകള്‍ അന്വേഷിച്ചുകൊണ്ടായിരിക്കണം വാര്‍ത്ത നല്‍കേണ്ടതെന്നും എം വി ജയരാജന്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.