Latest News

രാഹുലിനെ വെച്ച് കോണ്‍ഗ്രസ് കേരളം പിടിച്ചപ്പോള്‍, കേരളത്തിലെ രാഹുലിനെ ചൂണ്ടിക്കാട്ടി ബി.ജെ.പി ഇന്ത്യ പിടിച്ചു: സമസ്ത നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉത്തരേന്ത്യയില്‍ വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും ഇക്കാര്യം കാര്യബോധമുള്ളവരെല്ലാം നേരത്തേ സൂചിപ്പിച്ചിരുന്നുവെന്ന വിമര്‍ശനവുമായി സമസ്ത നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമസ്തയുടെ മുഖമാസികയായ സത്യധാരയുടെ എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി താനൂറാണ് ഫേസ്ബുക്കിലൂടെ പരാമര്‍ശം നടത്തിയത്.[www.malabarflash.com]

കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥ പരിഗണിച്ച് വയനാട്ടില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിശ്ചയിക്കണമെന്ന് സമുദായ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അകത്തു നിന്നും പുറത്തു നിന്നും അവര്‍ക്ക് കിട്ടിയ കല്ലേറുകളെയും ഇപ്പോള്‍ ഓര്‍ത്ത് പോകുകയാണ്. അവരാണ് ശരിയെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു. രാഹുലിനെ വച്ച് കോണ്‍ഗ്രസ് കേരളം പിടിച്ചപ്പോള്‍, കേരളത്തിലെ രാഹുലിനെ ചൂണ്ടിക്കാട്ടി ബിജെപി ഇന്ത്യ പിടിച്ചു. ഇതില്‍ കേരളത്തില്‍ കോണ്‍ഗ്രസിനു ഒരു മുസ്ലിം എംപി മാത്രമല്ല നഷ്ടമായത്. ഇന്ത്യ തന്നെയാണ്. അന്‍വര്‍ സാദിഖ് ഫൈസി പറയുന്നു.

ഹിന്ദുക്കളെ പേടിച്ച് മാപ്പിള നാട്ടിലേക്ക് ഒളിച്ചോടിയ കോണ്‍ഗ്രസ് എന്ന് മോദി പരസ്യമായി പ്രസംഗിച്ചു. ഇന്ത്യ വിഭജിച്ച ലീഗിന്റെ വൈറസ് പേറിയാണ് രാഹുലെന്ന് യോഗി ആദിത്യനാഥ് പ്രസംഗിച്ചു. മുസ്ലിം പേടിയില്‍ വാര്‍ത്തെടുക്കപ്പെട്ട ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ അതേറ്റെടുത്തു. അമേത്തിയിലടക്കം ഉത്തരേന്ത്യയില്‍ അതിന്റെ പ്രതിഫലനമാണ് ഉണ്ടായതെന്നും അന്‍വര്‍ സാദിഖ് പറയുന്നു.

ഈ ദുരന്തത്തെ കോണ്‍ഗ്രസ് എങ്ങനെ അഭിമുഖീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസിന്റെയും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെയും ഭാവിയെന്നും സമസ്ത നേതാവ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

ന്യൂനപക്ഷ രാഷ്ട്രീയം.
കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥ പരിഗണിച്ച് വയനാട്ടില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട സമുദായ നേതാക്കളെ ഓര്‍ക്കുകയാണ് ഇപ്പോള്‍. അകത്തു നിന്നും പുറത്തു നിന്നും അവര്‍ക്ക് കിട്ടിയ കല്ലേറുകളെയും. അവരായിരുന്നു ശരിയെന്ന് ഇപ്പോള്‍ ബോധ്യം. രാഹുലിനെ വെച്ച് കോണ്‍ഗ്രസ് കേരളം പിടിച്ചപ്പോള്‍, കേരളത്തിലെ രാഹുലിനെ ചൂണ്ടിക്കാട്ടി ബി.ജെ.പി ഇന്ത്യ പിടിച്ചു. ഇതില്‍ കേരളത്തില്‍ കോണ്‍ഗ്രസിനു ഒരു മുസ്ലിം എം.പിമാത്രമല്ല നഷ്ടമായത്. ഇന്ത്യ തന്നെയാണ്.

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം ഉത്തരേന്ത്യയില്‍ വിപരീത ഫലം ഉണ്ടാക്കുമെന്ന് കാര്യബോധമുള്ളവരെല്ലാം നേരത്തെ സൂചിപ്പിച്ചിരുന്നു. ശരിക്കും അത് സംഭവിച്ചു. ഹിന്ദുക്കളെ പേടിച്ച് മാപ്പിള നാട്ടിലേക്ക് ഒളിച്ചോടിയ കോണ്‍ഗ്രസ് എന്ന് മോദി പരസ്യമായി പ്രസംഗിച്ചു. ഇന്ത്യ വിഭജിച്ച ലീഗിന്റെ വൈറസ് പേറിയാണ് രാഹുലെന്ന് യോഗി ആദിത്യനാഥ് പ്രസംഗിച്ചു. മുസ്ലിം പേടിയില്‍ വാര്‍ത്തെടുക്കപ്പെട്ട നോര്‍ത്തിന്ത്യന്‍ ഹിന്ദൂസ് അതേറ്റെടുത്തു. അമേത്തിയിലടക്കം ഉത്തരേന്ത്യയില്‍ അതിന്റെ പ്രതിഫലനമാണ് ഉണ്ടായത്. ഈ ദുരന്തത്തെ കോണ്‍ഗ്രസ് എങ്ങനെ അഭിമുഖീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസിന്റെ ഭാവി. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെയും.

നോര്‍ത്തിന്ത്യയുടെ ഹിന്ദുത്വ സുനാമിയിലും ശിവസേനയെ മലര്‍ത്തിയടിച്ചു മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഒരു സീറ്റ് കൂടി പിടിച്ചെടുത്ത ഉവൈസിയുടെ മജ്‌ലിസ് പുതിയ പ്രതീക്ഷയാണ്. 25 ശതമാനം മാത്രം മുസ് ലിംകള്‍ ഉള്ള മണ്ഡലത്തിലെ MIMവിജയം ദലിത്- മുസ്ലിം മുന്നേറ്റത്തിന്റെ പ്രതീക്ഷ തന്നെയാണ്. രാമനാഥപുരത്തെ മുസ്ലിം ലീഗിന്റെ കോണി ചിഹ്നത്തിലുള്ള മൂന്നാം സീറ്റും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രതീക്ഷയാണ്. ഈ പ്രതീക്ഷകളെ സംഘ്പരിവാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കൂടി വിശകലനം ചെയ്യുമ്പോഴാണ് നമ്മുടെ നേട്ട കോട്ടങ്ങള്‍ വ്യക്തമാവുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.