Latest News

വീണ്ടും മോദി സ്തുതിയുമായി എ പി അബ്ദുല്ലക്കുട്ടി; വിജയം വികസന അജണ്ടയ്ക്കു ലഭിച്ചതെന്ന്

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ നരേന്ദ്രമോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എ പി അബ്ദുല്ലക്കുട്ടി രംഗത്ത്. [www.malabarflash.com]

ബിജെപി ലഭിക്കുന്ന വിജയം നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജണ്ടയുടെയും അംഗീകാരം തന്നെയാണെന്നാണ് അബ്ദുല്ലക്കുട്ടി ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റില്‍ വ്യക്തമാക്കുന്നത്. 

നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി എന്നുതുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ മോദിയെ ജനപ്രിയനാക്കിയത് ഗാന്ധിയന്‍ മൂല്യങ്ങളാണെന്നും പ്രശംസിക്കുന്നു. തിങ്കളാഴ്ച രാത്രി 11.15ന് ഇട്ട പോസ്റ്റിനു കീഴില്‍ നിരവധി കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകരാണ് വിമര്‍ശനവുമായെത്തിയത്. എന്നാല്‍, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അബ്ദുല്ലക്കുട്ടിയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. 

എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അബ്ദുല്ലക്കുട്ടി കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പിച്ച് 'അല്‍ഭുതക്കുട്ടി'യായാണ് കേരളരാഷ്ട്രീയത്തില്‍ ഇടംനേടിയത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ അഞ്ചുതവണ ജയിച്ച മണ്ഡലത്തില്‍ നിന്നാണ് സിപിഎം ടിക്കറ്റില്‍ അബ്ദുല്ലക്കുട്ടി ജയിച്ചത്. എന്നാല്‍, രണ്ടാംതവണ ജയിച്ചുകയറിയ ശേഷം അവസാനകാലത്ത് നരേന്ദ്രമോദിയെ പുകഴ്ത്തിയതോടെ വിവാദമായി. ഗുജറാത്ത് വികസനമാതൃകയാണെന്നു പറഞ്ഞ അബ്ദുല്ലക്കുട്ടി നിലപാട് ആവര്‍ത്തിച്ചതോടെ സിപിഎമ്മില്‍നിന്നു പുറത്തായി. ഇതിനുശേഷം കോണ്‍ഗ്രസില്‍ ചേരുകയും കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നു എംഎല്‍എയാവുകയും ചെയ്തു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ എ എന്‍ ശംസീറിനെതിരേ മല്‍സരിച്ച് പരാജയപ്പെട്ട ശേഷം കോണ്‍ഗ്രസില്‍ തഴയപ്പെടുകയായിരുന്നു. സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതാനായരെ ബലാല്‍സംഗം ചെയ്‌തെന്ന ആരോപണം കൂടിയായതോടെ, കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള കണ്ണൂര്‍ നേതൃത്വം മെല്ലെമെല്ലെ കൈയൊഴിഞ്ഞിരുന്നു. 

ഇത്തവണ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും പാര്‍ട്ടിയിലെ എതിര്‍പ്പ് കാരണം രാജ്‌മോഹന്‍ ഉണ്ണിത്താനു സീറ്റ് നല്‍കിയതോടെ, കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരനെ ഫേസ്ബുക്കിലൂടെ അപമാനിക്കുകയും അഭിസാരികയെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. 

ഇപ്പോള്‍ വീണ്ടും മോദിയെ പ്രശംസിച്ച് രംഗത്തെത്തിയതോടെ, അബ്ദുല്ലക്കുട്ടി ബിജെപിയിലേക്കു പോവാനുള്ള ഒരുക്കത്തിലാണോയെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ ഫേസ്ബുക്കില്‍ ചോദിക്കുന്നത്.
അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി നരേന്ദ്രമോദിയുടെ അത്യുഗ്രന്‍ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണങ്ങളും പുറത്തുവന്നു കൊണ്ടിരിക്കുകയാണല്ലോ. എന്തുകൊണ്ട് ഈ വിജയം ഉണ്ടായി?. എന്റെ എഫ്ബി കൂട്ടുകാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകള്‍ തുറന്നുപറയട്ടെ. പ്രതിപക്ഷക്കാര്‍ മാത്രമല്ല, ബിജെപിക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണുണ്ടായത്. എല്ലാ രാഷ്ടീയ പ്രവര്‍ത്തകരും വികാരങ്ങള്‍ മാറ്റിവച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ട സംഗതിയാണിത്.നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണ്. മഹാത്മാ ഗാന്ധി പൊതുപ്രവര്‍ത്തകരോട് പറഞ്ഞു.... നിങ്ങള്‍ ഒരു നയം ആവിഷ്‌കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക. ശ്രീ മോദി അത് കൃത്യമായി നിര്‍വഹിച്ചു. 1) സ്വച്ച് ഭാരത് സ്‌കീമില്‍ 9.16 കോടി കുടുംബങ്ങള്‍ക്ക് സ്വന്തം ടോയ്‌ലറ്റ് നല്‍കി 2) പ്രധാനമന്ത്രി ഉജ്വലയോജന സ്‌കീമില്‍ 6 കോടി കുടുംബങ്ങള്‍ക്കാണ് സൗജന്യമായി എല്‍പിജി ഗ്യാസ് കണക്ഷന്‍ നല്‍കിയത്. കേരളം വിട്ടാല്‍ നാമെല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിപ്രദേശത്ത് മലമൂത്ര വിസര്‍ജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം. മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു. ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകള്‍ ശേഖരിച്ച് അടുപ്പ് ഊതി തളര്‍ന്നുപോയ 6 കോടി അമ്മമാര്‍ക്ക് മോദി നല്‍കിയ ആശ്വാസം എത്ര ഹൃദ്യമാണ്. ജനകോടികളില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ?. സ്മാര്‍ട്ട് സിറ്റികളും ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെ നിരവധി സ്വപ്ന പദ്ധതികള്‍ രാഷ്ടീയ അജണ്ടയില്‍ കൊണ്ടുവന്നത് കാണാതേ പോവരുത്. നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്. വിജയങ്ങള്‍ ഇനി വികസനങ്ങള്‍ക്കൊപ്പമാണ്. നരേന്ദ്രമോദിയെ വിമര്‍ശിക്കമ്പോള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിക്കുത്. പല വികസിത സമൂഹത്തിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യവികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോര്‍ത്ത് നില്‍ക്കുന്ന ഭരണ-പ്രതിപക്ഷ ശൈലിയും നാം ചര്‍ച്ചയ്‌ക്കെടുക്കാന്‍ സമയമായി എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.