Latest News

ആംബുലന്‍സ് നിഷേധിച്ചു, വീട്ടിലേക്ക് നടക്കുന്നതിനിടെ അമ്മയുടെ കയ്യില്‍കിടന്ന് കുഞ്ഞിന് ദാരുണാന്ത്യം

ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെതുടര്‍ന്ന് കാല്‍നടയായി വീട്ടിലെത്തിക്കുന്നതിനിടെ കുഞ്ഞിന് ദാരുണാന്ത്യം. ഷഹാജന്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം.[www.malabarflash.com] 

വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് കുട്ടിക്ക് അന്ത്യം സംഭവിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സക്കായി ഡോക്ടര്‍മാര്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. കുട്ടിയെ കൊണ്ടുപോകാന്‍ ഒരു വാഹനം നല്‍കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ നിഷേധിച്ചു. 

ആശുപത്രി പരിസരത്ത് മൂന്ന് ആംബുലന്‍സുകള്‍ നിര്‍ത്തിയിട്ടിരുന്നു. എന്നിട്ടും ആംബുലന്‍സ് ഇല്ലെന്നായിരുന്നു ആശുപത്രി വാദം. സ്വകാര്യ വാഹനത്തില്‍ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ മാതാപിതാക്കളുടെ കയ്യില്‍ പണമില്ലായിരുന്നു. ഇതോടെ കുട്ടിയെ തിരികെ വീട്ടിലെത്തിക്കാന്‍ ഇവര്‍ തീരുമാനിച്ചു. പിഞ്ചുകുഞ്ഞിനെ കയ്യിലെടുത്ത് അമ്മയും ഒപ്പം അച്ഛനും വീട്ടിലേക്ക് നടന്നു. ഇതിനിടെ കുഞ്ഞിന്റെ നില ഗുരുതരമായി. അമ്മയുടെ കയ്യില്‍ കിടന്നാണ് കുഞ്ഞ് അന്ത്യശ്വാസം വലിച്ചത്.

മൂന്ന് ആംബുലന്‍സുകള്‍ അവിടെ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് തങ്ങള്‍ക്ക് ഒരെണ്ണം നല്‍കാതിരുന്നതെന്ന് അറിയില്ലെന്നു കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മാതാപിതാക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. അഫ്‌റോസ് എന്നു പേരുള്ള കുട്ടി രാത്രി 8.30 നാണ് ആശുപത്രിയില്‍ എത്തിയതെന്നും കുട്ടിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ വിദഗ്ധ ചികില്‍സയ്ക്കായി ലക്‌നൗവിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നെന്നും എമര്‍ജന്‍സി വിഭാഗം മെഡിക്കല്‍ ഓഫിസര്‍ അനുരാഗ് പരാശര്‍ പറഞ്ഞു. 

തന്റെ നിര്‍ദേശം അവഗണിച്ച അവര്‍ തങ്ങള്‍ക്ക് സൗകര്യമുള്ളിടത്ത് കുഞ്ഞിനെ കൊണ്ടുപോകുമെന്ന് പറഞ്ഞാണ് ഇറങ്ങി പോയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.