തലശേരി: വടകര പാർലമെന്റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായിരുന്ന സി.ഒ.ടി.നസീറിനെ (40) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേര് അറസ്റ്റില്‍. എരഞ്ഞോളി പൊന്ന്യം പുല്യോട്ടിലെ അശ്വന്ത് (20), കൊളശേരി കളരിമുക്കിലെ കുന്നിലേരി മീത്തൽ സോജിത്ത് (24) എന്നിവരെയാണ് തലശേരി പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
അക്രമികൾ സഞ്ചരിച്ച ആഡംബര ബൈക്ക് അശ്വന്തിന്റ വീടിന് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു. അശ്വന്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തംപുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു. അശ്വന്ത് അക്രമിസംഘത്തിലെ അംഗവും സോജിത്ത് നസീറിനെ അക്രമിസംഘത്തിന് കാണിച്ചുകൊടുത്തയാളുമാണെന്നു പോലീസ് പറഞ്ഞു. സോജിത്ത് കൊളശേരിയിലെ ഷിബിൻ വധക്കേസിലെ ഒൻപതാം പ്രതിയാണെന്നു പോലീസ് വെളിപ്പെടുത്തി.
സിപിഎമ്മിനെ ഉപേക്ഷിച്ചു പോവുകയും പാർട്ടിക്കെതിരേ പ്രവർത്തിക്കുകയും ചെയ്തതിന്റെ വിരോധത്തിലാണ് നസീറിനെ ആക്രമിച്ചതെന്നാണ് പ്രതികൾ പോലീസിനു നൽകിയ മൊഴി. ഇതിനുപുറമെ, ഒരു ചീട്ടുകളി സംഘവും അക്രമിസംഘത്തിനു പിന്നിലുണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
എഎസ്പി ഡോ. അരവിന്ദ് സുകുമാർ, സിഐ വിശ്വംഭരൻ നായർ, എസ്ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. പിടിയിലായ പ്രതികളിൽനിന്ന് വിലപ്പെട്ട വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. പ്രാദേശിക നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
No comments:
Post a Comment