Latest News

ട്രാന്‍സ്ജെന്‍ഡറെ ആള്‍ട്ടോ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന നാലുപേര്‍ പിടിയില്‍

കാഞ്ഞങ്ങാട്: സുഹൃത്തിനെ കാണാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ ആള്‍ട്ടോ കാറില്‍ തട്ടിക്കൊണ്ടുപോയി എടിഎം കാര്‍ഡ് പിടിച്ചുവാങ്ങി 40,000 രൂപയും കൈയ്യിലുണ്ടായിരുന്ന 1500 രൂപയും തട്ടിയെടുത്ത സംഭവത്തില്‍ നാലുപേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

മഡിയന്‍ കെ എച്ച് ഹൗസില്‍ അബൂബക്കറിന്റെ മകന്‍ കെ എച്ച് നിസാമുദ്ദീന്‍ (23), ചിത്താരി അനീസ് മന്‍സിലില്‍ അബ്ദുല്ലയുടെ മകന്‍ എ ആഷിഖ് (23), മഡിയന്‍ ചിത്താരി കെ വി ഹൗസില്‍ അലിയുടെ മകന്‍ മിദ്‌ലാജ് (23), ചിത്താരി കൊട്ടിലങ്ങാട് അബ്ദുള്‍ റഹീമിന്റെ മകന്‍ മുഹമ്മീസ് ഷെരീഫ് (27) എന്നിവരെയാണ് നാടകീയമായി പിടികൂടിയത്.

ചെറുവത്തൂര്‍ കാടങ്കോട്ടെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഗീത രതീഷാണ് തട്ടിപ്പിനിരയായത്. ഞായറാഴ്ച വൈകിട്ടോടെ സുഹൃത്തായ വെള്ളിക്കോത്തെ നൃത്താധ്യാപകന്‍ ശ്രീരേഷിനെ കണ്ട് വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ നോര്‍ത്ത്‌കോട്ടച്ചേരിയിലെ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മുന്‍പരിചയമുള്ള സാമൂഹ്യപ്രവര്‍ത്തകന്‍ നിസാമുദ്ദീന്‍ ഫോണില്‍ വിളിച്ച് മഡിയനിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. മഡിയനിലെ പാലത്തിനു സമീപത്തുവെച്ച് ഇരുവരും സംസാരിച്ചിരിക്കുന്നതിനിടയില്‍ ചൂടായതിനാല്‍ രതീഷ് ഷര്‍ട്ട് പാലത്തില്‍ അഴിച്ചുവെച്ചിരുന്നു.

ഇതിനിടയില്‍ നിസാമുദ്ദീന്‍ ഫോണില്‍ മെസേജ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മറ്റ് മൂന്നു പ്രതികളും ആള്‍ട്ടോ കാറില്‍ സ്ഥലത്തെത്തുകയും രതീഷിന്റെ ഫോട്ടോയും വീഡിയോയും എടുത്ത ശേഷം ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനിടയില്‍ കൈയ്യിലുണ്ടായിരുന്ന 1500 രൂപയും തട്ടിയെടുത്തു. 

പിന്നീട് ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. രതീഷിന്റെ കൈയ്യിലുണ്ടായിരുന്ന എടിഎം കാര്‍ഡ് ബലമായി പിടിച്ചെടുത്ത് പിന്‍കോഡും വാങ്ങി മൂന്ന് എടിഎം കൗണ്ടറുകളില്‍ നിന്നുമായി 40,000 രൂപ പിന്‍വലിക്കുകയും ചെയ്തു.

പള്ളിക്കര, ചട്ടഞ്ചാല്‍, ചെര്‍ക്കള തുടങ്ങിയ സ്ഥലങ്ങളില്‍ കാറില്‍ കറങ്ങിയ ശേഷം ഒരുമണിയോടെ രതീഷിനെ മഡിയന്‍ പാലത്തിന് സമീപം തന്നെ ഇറക്കിവിടുകയായിരുന്നു. ഇതിനു ശേഷം ബാക്കി 50,000 രൂപയും നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് രതീഷ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.

പിന്നീട് പോലീസ് ഒരുക്കിയ തിരക്കഥയിലൂടെ സിനിമാസ്റ്റൈലിലാണ് നാലു പ്രതികളെയും പിടികൂടിയത്.

പ്രതികള്‍ ആവശ്യപ്പെട്ടതു പ്രകാരം തിങ്കളാഴ്ച വൈകിട്ട് പണവുമായി സംഗീതരതീഷ് മഡിയന്‍ പാലത്തിന് സമീപത്തേക്ക് ചെല്ലുകയായിരുന്നു. ഇയാള്‍ക്ക് പിന്നാലെ വേഷപ്രച്ഛന്നരായ എസ്‌ഐ വി ജയപ്രസാദും സംഘവും ഉണ്ടായിരുന്നു. പാലത്തിലെത്തി പണം കൈമാറുന്നതിനിടയിലാണ് നാലുപേരെയും പിടികൂടിയത്. 

എസ്‌ഐക്ക് പുറമെ എഎസ്‌ഐ ഗോവിന്ദന്‍, സീനിയര്‍ സിവില്‍ ഓഫീസര്‍ രാമകൃഷ്ണന്‍, സിപിഒമാരായ പി സതീശന്‍, ദീപക്, അമല്‍രാമചന്ദ്രന്‍, രതീഷ്, രാജേഷ്, ഹരീഷ്, സുധീര്‍, റിജേഷ്, ഡ്രൈവര്‍ കെ വി സുരേന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.