Latest News

പേര് ചോദിച്ച് മര്‍ദനം; കൊലക്കേസിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന യുവാക്കളെ പേര് ചോദിച്ച് മര്‍ദിച്ച സംഭവത്തില്‍ കൊലക്കേസ് അടക്കം എട്ടു കേസുകളിലെ പ്രതിയെ പോലിസ് അറസ്റ്റു ചെയ്തു.[www.malabarflash.com]

സംഘപരിവാര പ്രവര്‍ത്തകനായ കുഡ്‌ലു വ്യൂവേഴ്‌സ് കോളനിയിലെ തേജു എന്ന അജയ് കുമാര്‍ ഷെട്ടി (23) യെയാണ് കാസര്‍കോട് ടൗണ്‍ എസ്‌ഐ ആനന്ദനും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കറന്തക്കാട് വച്ചാണ് അജയ്കുമാര്‍ ഷെട്ടിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

തിങ്കളാഴ്ച പുലര്‍ച്ചെ 1.10 മണിയോടെയാണ് കറന്തക്കാട് താളിപ്പടുപ്പ് മൈതാനത്തിന് സമീപംവച്ച് കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ അഷ്‌റഫിന്റെ മകന്‍ സി എച്ച് ഫായിസ് (23), സുഹൃത്ത് അബ്ദുല്ലയുടെ മകന്‍ അനസ് (21) എന്നിവരെ കാര്‍ തടഞ്ഞ് അക്രമിച്ചത്. 

ഈ കേസില്‍ അജയ് കുമാറിനൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിയെ പോലിസ് തിരയുകയാണ്. 

ഗള്‍ഫില്‍ നിന്നും വരുന്ന അനസിന്റെ ബന്ധുവിനെ കൂട്ടിക്കൊണ്ടുവരാനായി മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇതിനിടെ കാറില്‍ ബ്ലൂടൂത്ത് കണക്ട് ചെയ്യുന്നതിനായി കറന്തക്കാട് താളിപ്പടുപ്പ് ഗ്രൗണ്ടിന് സമീപം കാര്‍ നിര്‍ത്തുകയായിരുന്നു. ഈ സമയം എത്തിയ പ്രതികള്‍ കാറിന്റെ ഗ്ലാസില്‍ തട്ടുകയും ഗ്ലാസ് തുറന്നപ്പോള്‍ പേര് ചോദിച്ച് കാറിന് പുറത്തേക്ക് വലിച്ച് താഴെയിട്ട് അക്രമിക്കുകയായിരുന്നുവെന്നുമായിരുന്നു യുവാക്കളുടെ പരാതി.

2014 ഡിസംബര്‍ 22ന് നടന്ന സൈനുല്‍ ആബിദ് വധക്കേസിലെ ഒമ്പതാം പ്രതിയാണ് അറസ്റ്റിലായ അജയ് കുമാര്‍ ഷെട്ടി. ഇതുകൂടാതെ 2015 നവംബര്‍ എട്ടിന് പോലീസ് സ്‌റ്റേഷനില്‍ വെച്ച് പോലീസിനെ ചീത്തവിളിച്ച് ദേഹോപദ്രവം ഏല്‍പിക്കാന്‍ ശ്രമിച്ചതിനും 2016 ഓഗസ്റ്റ് 26ന് ബൈക്കിലെത്തി ബസ് തടഞ്ഞ് സ്വകാര്യ ബസ് ഡ്രൈവറെ അക്രമിച്ച കേസിലും അതേദിവസം പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്താന്‍ ശ്രമിച്ച കേസിലും അജയ് കുമാര്‍ പ്രതിയാണ്. 

2018 മാര്‍ച്ച് 18ന് ബീരന്ത്ബയലില്‍ വെച്ച് ഒരാളെ കത്തികൊണ്ട് കുത്തിയും ഇരുമ്പുവടി കൊണ്ട് തലക്കടിച്ചും പരിക്കേല്‍പിക്കുകയും ചെയ്ത കേസിലും 2019 ജനുവരി 15ന് അടുക്കത്ത്ബയലില്‍ ഒരാളെ ഇരുമ്പുവടി കൊണ്ട് അടിച്ച കേസിലും അജയ്കുമാര്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.