Latest News

യുവതി തന്റെ ഭാര്യയല്ല, കുട്ടി മകനുമല്ല; ഐജിക്കു നല്‍കിയ പരാതി ചൂണ്ടിക്കാട്ടി ബിനോയ്

കണ്ണൂര്‍: ബിഹാര്‍ സ്വദേശിയായ യുവതി തനിക്കെതിരെ നല്‍കിയ പീഡന പരാതി തള്ളി ബിനോയ് കോടിയേരി. ആരോപണം ഉന്നയിച്ച യുവതിയെ കല്യാണം കഴിച്ചിട്ടില്ലെന്നും അവരില്‍ തനിക്കു മകനില്ലെന്നും ഏപ്രില്‍ 12ന് കണ്ണൂര്‍ ഐജിക്കു നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരി ചൂണ്ടിക്കാട്ടി.[www.malabarflash.com]

34 കാരിയായ യുവതി, മുംബൈയിലെ ഡി.ചതോപാധ്യായ, പേരറിയാത്ത മറ്റുള്ളവര്‍ എന്നിവര്‍ക്കെതിരെയാണു പരാതി നല്‍കിയിരിക്കുന്നത്.

2018 ഡിസംബര്‍ 31ന് ഈ വ്യക്തികള്‍ ചേര്‍ന്ന് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് തനിക്കു കത്തയച്ചെന്നു ബിനോയ് പരാതിയില്‍ പറയുന്നു.യുവതിയുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയ ഡി.ചതോപാധ്യായ ആണ് കത്തെഴുതിയത്. കുറ്റകൃത്യത്തില്‍ ഇയാള്‍ക്കും തുല്യ പങ്കുണ്ട്. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2009 ഒക്ടോബര്‍ 18ന് യുവതിയെ താന്‍ വിവാഹം ചെയ്‌തെന്നാണു കത്തിലെ ആരോപണം. 2010 ജൂലൈ 22ന് ജനിച്ച ആണ്‍കുട്ടിയുടെ അച്ഛനാണെന്നും പറയുന്നു. വിവാഹം സംബന്ധിച്ച സത്യവാങ്മൂലം 2015 ജനുവരി 28ന് മുംബൈയിലെ ഒരു പബ്ലിക് നോട്ടറി മുമ്പാകെ താന്‍ ഒപ്പിട്ടെന്നും ആരോപിക്കുന്നു. കത്തില്‍ ആരോപിക്കുന്ന ദിവസം ഞാന്‍ ദുബായിലായിരുന്നു. പാസ്‌പോര്‍ട്ട് ഇതിനു തെളിവാണെന്നും ബിനോയ് ചൂണ്ടിക്കാട്ടി.

യുവതിയെ വിവാഹം കഴിച്ചെന്നതും അവരില്‍ തനിക്കൊരു മകനുണ്ടെന്നതും തെറ്റായ കാര്യമാണ്. സംയുക്ത സത്യവാങ്മൂലത്തില്‍ ഞാനൊപ്പിട്ടു എന്നതും വ്യാജമാണ്. സത്യവാങ് മൂലത്തില്‍ ഒപ്പിട്ടുവെന്നു പറയുന്ന ജനുവരി 27ന് കൊച്ചി വിമാനത്താവളത്തില്‍നിന്നു ദുബായിലേക്കു ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു താനെന്നും ബിനോയ് വ്യക്തമാക്കുന്നു.

യുവതി നല്‍കിയ സത്യവാങ്മൂലം തയാറാക്കിയതായി യുവതി പറയുന്ന പബ്ലിക് നോട്ടറി, താന്‍ അതില്‍ ഒപ്പിട്ടിട്ടില്ലെന്നു വ്യക്തമാക്കി സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നോട്ടറി റജിസ്റ്ററില്‍ സംയുക്ത സത്യവാങ്മൂലം ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കുറ്റാരോപിതരായ വ്യക്തികള്‍ തട്ടിപ്പിനായി എന്റെ ഒപ്പ് വ്യാജമായി നിര്‍മിക്കുകയായിരുന്നു. സംയുക്ത സത്യവാങ്മൂലവും വ്യാജമാണ്. കുട്ടിയുടെ അച്ഛന്‍ താനാണെന്നു കാണിക്കാനായി തെറ്റായ പ്രസ്താവനയാണു യുവതി അധികൃതര്‍ക്കു മുമ്പാകെ സമര്‍പ്പിച്ചത്.

എന്റെ ഭാര്യയാണെന്നു സ്ഥാപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനത്തിനായി വ്യാജ പ്രസ്താവന നല്‍കി. ഇങ്ങനെ തെറ്റായ വിവരങ്ങളും രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണു യുവതി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും’ പരാതിയില്‍ ബിനോയ് വിശദീകരിച്ചു.

അതേസമയം ലൈംഗികാരോപണത്തിന് ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേരള പൊലീസ് കേസെടുത്തേക്കും. യുവതി പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു കാട്ടി ബിനോയ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാകും നടപടി. ഐജിക്കു ലഭിച്ച പരാതി എസ്പിക്കു കൈമാറി. അന്വേഷണ പരിധി സംബന്ധിച്ച സംശയത്തില്‍ നടപടിയെടുത്തില്ല. തിരഞ്ഞെടുപ്പ് തിരക്കുകളിലായിരുന്നതിനാലും മറ്റും അന്വേഷണം നടന്നില്ലെന്നാണു വിശദീകരണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.