Latest News

ഖത്തറിലേക്കുള്ള ചിപ്സ് പാക്കറ്റിൽ കഞ്ചാവ്; യുവാവ് രക്ഷപ്പെട്ടത് ഭാഗ്യത്താൽ

തിരൂരങ്ങാടി: ഖത്തറിലെ സുഹൃത്തിനെ ഏല്‍പ്പിക്കാന്‍ ബന്ധു കൊണ്ടുവന്ന പൊതിയിലെ ചതിക്കുഴിയിൽ നിന്ന്​ യുവാവ് രക്ഷപ്പെട്ടത് ഭാഗ്യത്താൽ. നന്നമ്പ്ര പാണ്ടിമുറ്റം കല്ലത്താണി സ്വദേശി കക്കോടി വീട്ടിൽ ആബിദിനെയാണ് ഭാഗ്യം തുണച്ചത്.[www.malabarflash.com]

കഴിഞ്ഞദിവസം സുഹൃത്തുമൊത്ത് ഖത്തറിലേക്ക് പുറപ്പെടുന്നതിന്​ മുമ്പ്​, മറ്റൊരാൾക്ക് നൽകാനായി ബന്ധു ആബിദിനെ ഏൽപ്പിച്ച ചിപ്സ് പാക്കറ്റിലാണ് കഞ്ചാവ് കണ്ടെത്തിയത്.

യാത്രയിറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പാണ് ബന്ധു, സുഹൃത്തി​​ന്റെ നിര്‍ദേശപ്രകാരം ചിപ്‌സ്‌ പൊതി വീട്ടിലെത്തിച്ചത്. തിരൂര്‍ പോലീസ് ലൈനിലെ പൊതുശ്മശാനത്തിനടുത്തുള്ള സുഹൃത്ത്, ഖത്തറിലുള്ള ഇയാളുടെ സുഹൃത്തിന് വേണ്ടിയാണ് കഞ്ചാവ് പൊതിയിലൊളിപ്പിച്ച് നല്‍കിയത്. വിമാനമിറങ്ങിയാൽ എത്തുന്ന ആൾക്ക് കൈമാറാനായിരുന്നു ആബിദിനോട് പറഞ്ഞിരുന്നതത്രെ.

വെറുതെ തോന്നിയ സംശയത്തെതുടര്‍ന്ന് പൊട്ടിച്ച് നോക്കിയപ്പോഴാണ് ചിപ്സുകൾക്കിടയിൽ മറ്റൊരു കവറിലാക്കി പൊതിഞ്ഞ അൻപത് ഗ്രാമോളം കഞ്ചാവ് കണ്ടത്. പൊതി ഏൽപ്പിച്ചയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്ന് ആബിദിന്റെ ബന്ധുക്കൾ പറഞ്ഞു. പരാതിയിൽ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.