Latest News

ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം ജൂലൈ നാലിന് മദീനയില്‍

മക്ക: ഈ വര്‍ഷത്തെ ആദ്യ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടക സംഘം ജൂലൈ നാലിനു മദീനയില്‍ എത്തും. ഡല്‍ഹിയില്‍ നിന്നുള്ള 420 പേരടങ്ങുന്ന തീര്‍ഥാടക സംഘമാണ് എയര്‍ ഇന്ത്യ എ.ഐ 5001 വിമാനത്തില്‍ മദീന പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജൂലൈ നാലിന് പുലര്‍ച്ചെ ഇറങ്ങുന്നത് . ഇതോടെ, ഈ വര്‍ഷത്തെ ഇന്ത്യയില്‍ നിന്നുള്ള ഹജ് തീര്‍ഥാടകരുടെ വരവിന് തുടക്കമാവും.[www.malabarflash.com]

മലയാളി ഹാജിമാരുള്‍പ്പെടെ ഈ വര്‍ഷം മദീനയില്‍ ഹജിന് മുമ്പായി 61,000 ഹാജിമാരാണ് എത്തുന്നത്. ജൂലൈ ഏഴു മുതലാണ് മലയാളി തീര്‍ഥാടകര്‍ മദീനയില്‍ എത്തി തുടങ്ങുന്നത്. കരിപ്പൂരില്‍ നിന്ന് ഏഴാം തിയതി സൗദി എയര്‍ലെന്‍സിന്റെ എസ്.വി 5749 എന്ന വിമാനത്തില്‍ ഉച്ചക്ക് 1:35 ന് 300 ഹാജിമാരുമായി മലയാളി തീര്‍ഥാടകരുടെ ആദ്യ സംഘം മദീനയിലെത്തും.

തുടര്‍ന്ന് 20ാം തിയതി വരെ കരിപ്പൂരില്‍ നിന്നും സൗദി എയര്‍ലൈനിന്റെ 35 വിമാനങ്ങളിലായി 10,500 ഹാജിമാരും ലക്ഷദ്വീപിലെ 352 ഹാജിമാരടക്കം നെടുമ്പാശ്ശേരിയില്‍നിന്ന് 14 ാം തിയതി മുതല്‍ എട്ട് വിമാനങ്ങളിലായി 2800 മലയാളി ഹാജിമാരും പ്രവാചക നഗരിയിലെത്തും.

മദീന വിമാനത്താവളത്തില്‍ ഇറങ്ങുന്ന ആദ്യ സംഘത്തെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ മുഹമ്മദ് ശൈഖ്, ഹജ് കോണ്‍സുലര്‍ മോയിന്‍ അക്തര്‍, മദീന ഹജ് മിഷന്‍ ഇന്‍ ചാര്‍ജ് ശിഹാബുദ്ദീന്‍ എന്നിവരും മലയാളി സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിക്കും.

മദീനയിലെത്തുന്ന ആദ്യ സംഘങ്ങള്‍ക്ക് മസ്ജിദുന്നബവിയുടെ പരിസരങ്ങളില്‍ ഏറ്റവും സൗകര്യപ്രദമായ മര്‍കസിയയിലെ ഹോട്ടലുകളിലാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മദീനയിലെത്തുന്ന ആദ്യ ഹജ് സംഘങ്ങള്‍ മദീനയിലെ എട്ട് ദിവസത്തെ താമസത്തിന് ശേഷം മക്കയിലേക്ക് തിരിക്കും. ഈ വര്‍ഷം രണ്ട് ലക്ഷം ഹാജിമാരാണ് ഇന്ത്യയില്‍നിന്ന് എത്തുന്നത്. ഇതില്‍ 6,000 ഹാജിമാര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ശേഷിക്കുന്നവര്‍ ഇന്ത്യന്‍ ഹജ് കമ്മിറ്റി മുഖേന വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരാണ്.

ഇന്ത്യയിലെ 21 എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്ന് സഊദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നീ വിമാന കമ്പനികളാണ് ഹാജിമാരെ സൗദിയിലെത്തിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.