Latest News

ഉണ്ണിത്താനെ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ഡിസിസി പ്രസിഡണ്ടിനെ മാറ്റണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ടിന് കത്ത്‌

കാഞ്ഞങ്ങാട്: കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നിലിനെ മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് ചുമതല വഹിച്ച കമ്മിറ്റി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നല്‍കി. മുന്‍ ഡിസിസി പ്രസിഡണ്ടുമാരായ അഡ്വ. സി കെ ശ്രീധരന്‍, കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവരുള്‍പ്പെട്ട അഞ്ചംഗ സമിതിയാണ് കത്ത് നല്‍കിയത്.[www.malabarflash.com]

തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍വ്വീര്യമാക്കാന്‍ ശ്രമിച്ച ഹക്കിം കുന്നില്‍ പ്രചരണ വേദികളിലും ഇലക്ഷന്‍ കമ്മിറ്റി ഓഫീസിലും വരാതെ ബോധപൂര്‍വ്വം വിഭാഗീയത ഉണ്ടാക്കിയെന്നാണ് കത്തില്‍ പറയുന്നത്. ജില്ലയില്‍ സംഘടനാ പ്രവര്‍ത്തനം തകര്‍ക്കാന്‍ ഡിസിസി പ്രസിഡണ്ട് ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി വിയര്‍പ്പൊഴുക്കി പണിയെടുത്തതിനാലാണ് ഉണ്ണിത്താന് തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ജയത്തിനു ശേഷം ഇത് തന്റെ നേട്ടമാണെന്ന് വരുത്തിതീര്‍ക്കാനാണ് ഹക്കിം കുന്നില്‍ ശ്രമിച്ചതെന്നും കത്തില്‍ പറയുന്നുണ്ട്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് ഉണ്ണിത്താന്‍ ജില്ലയിലെത്തിയതു മുതല്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. തനിക്ക് കൃത്യമായി ഭക്ഷണം നല്‍കുകയോ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ഉണ്ടാക്കുകയോ ചെയ്തില്ലെന്ന് അന്ന് തന്നെ ഉണ്ണിത്താന്‍ കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് പ്രചരണ ചുമതല ഡിസിസിയില്‍ നിന്ന് മാറ്റി സി കെ ശ്രീധരനും കെ പി കുഞ്ഞിക്കണ്ണനും ഉള്‍പ്പെടെയുള്ള അഞ്ചംഗ സമിതിയെ ഏല്‍പ്പിച്ചത്.

അന്ന് തന്നെ ഹക്കിം കുന്നിലിനെ ഡിസിസി പ്രസിഡണ്ട് സ്ഥാനത്തു നിന്ന് നീക്കാമെന്ന് കെപിസിസി നേതൃത്വം ഉറപ്പ് നല്‍കിയിരുന്നുവത്രെ. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം നടപടി എന്ന് പിന്നീട് ധാരണയിലെത്തി. ഉണ്ണിത്താന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ വിജയത്തിന്റെ അവകാശം തനിക്കാണെന്ന മട്ടില്‍ ഹക്കിം ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രചാരണം നടത്തിയതാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചത്. എന്നാല്‍ കത്തിനെക്കുറിച്ച് പ്രതികരിക്കാന്‍ ഹക്കിമോ രാജ്‌മോഹന്‍ ഉണ്ണിത്താനോ തയ്യാറായില്ല.

അതേ സമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും നിയുക്ത എംപിമാരുടെയും സംയുക്ത യോഗത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നു പറഞ്ഞിരുന്നു. പിന്നീട് കെപിസിസി പ്രസിഡണ്ടിനെയും പ്രതിപക്ഷ നേതാവിനെയും നേരില്‍ക്കണ്ടും ഉണ്ണിത്താന്‍ ചില പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.