Latest News

ഹണി ട്രാപ്പ് പെണ്‍വാണിഭം: കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍

കണ്ണൂര്‍: യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭത്തിലൂടെ പ്രമുഖരില്‍ നിന്നു പണം തട്ടിയ കേസില്‍ പോലിസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട മുഖ്യപ്രതി 10 മാസത്തിനു ശേഷം മുംബൈയില്‍ പിടിയില്‍.[www.malabarflash.com] 

തളിപ്പറമ്പിനു സമീപം കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് വില്ലയില്‍ കൊടിയില്‍ റുവൈസി(23)നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

ഹണി ട്രാപ്പ് കേസില്‍ അറസ്റ്റിലായ ശേഷം 2018 സെപ്തംബര്‍ മൂന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് രക്ഷപ്പെട്ടത്. തളിപ്പറമ്പ് ഡിവൈഎസ്പിയായിരുന്ന കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഹണി ട്രാപ്പ് പെണ്‍വാണിഭവും തട്ടിപ്പും പിടികൂടിയിരുന്നത്. 

കണ്ണൂര്‍, കാസര്‍കോട്‌, കോഴിക്കോട് ജില്ലകളിലെ പ്രമുഖരെ സംഘത്തിലെ യുവതികള്‍ക്കൊപ്പം നിര്‍ത്തി ചിത്രവും വീഡിയോയും പകര്‍ത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായിരുന്ന റുവൈസ് രക്താര്‍ബുദമുണ്ടെന്നു പറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയപ്പോഴാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തില്‍ റുവൈസിനെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. 

യുവാവ് മുംബൈയിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ സിപിഒ എ ജി അബ്ദുര്‍റഊഫ്, സിപിഒ കെ സ്‌നേഹേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് മുബൈയിലെത്തി പിടികൂടിയത്. പ്രതിയെ ചൊവ്വാഴ്ച രാവിലെ തളിപ്പറമ്പിലെത്തിക്കും. മുംബൈയില്‍ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ മാറിമാറി ജോലിചെയ്തുവരികയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.