കാസര്‍കോട്: മെയ് 10 ന് കാസര്‍കോട്ട് നിന്ന് കാണാതായ വീട്ടമ്മയെ ഒമാനില്‍ കണ്ടെത്തി. ബന്ധുക്കള്‍ സ്ത്രീയെ കാസര്‍കോട്ടേക്ക് കൊണ്ടുവന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി.[www.malabarflash.com]
അണങ്കൂര്‍ പച്ചക്കാട്ടെ റംലയെ (42)യെയാണ് കഴിഞ്ഞ മാസം 10 ന് കാണാതായത്. നബാര്‍ഡിന്റെ ക്ലാസില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് റംല കാഞ്ഞങ്ങാട്ടേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. ഇതേ തുടര്‍ന്ന് മകന്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പെരുന്നാളിന് തലേദിവസം രാത്രിയാണ് റംലയെ ബന്ധുക്കള്‍ നാട്ടിലെത്തിച്ചത്.
ഇതിനുശേഷം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. പോലീസ് റംലയെ കോടതിയില്‍ ഹാജരാക്കുകയും കോടതി ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു.
അതേ സമയം വീട്ടമ്മയുടെ തിരോധാനത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതു സംബന്ധിച്ച് ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മെയ് 10ന് കാഞ്ഞങ്ങാട്ടേക്ക് പോയ റംല അവിടെ നിന്നും എത്തിയത് തിരുവനന്തപുരത്തേക്കാണ്.
നേരത്തെ പരിചയമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ 40 കാരിയായ ഖദീജയുമായി കൂടികാഴ്ച്ച നടത്തി. തിരുവനന്തപുരത്തുനിന്നും റംലയും ഖദീജയും മംഗളൂരു സ്വദേശിയായ നസീറിനൊടൊപ്പം ഹൈദ്രാബാദില്‍ പോയി. അവിടെ വെച്ച് ആറ് സ്ത്രീകളെ കൂടി കൂട്ടി ഒമാനിലെത്തുകയായിരുന്നു.
ഒമാനിലെ ഫാമില്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞാണ് സ്ത്രീകളെ കൊണ്ടുപോയത്. ഒട്ടകം, ആട്, മത്സ്യം തുടങ്ങിയ കൃഷിയും മുന്തിരി തോട്ടവുമുള്ള ഫാമാണിത്.
ഇതിനിടെ റംലയുടെ തിരോധാനത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണെന്ന വിവരമറിഞ്ഞ് ഷാര്‍ജയിലുള്ള ബന്ധു നടത്തിയ അന്വേഷണത്തില്‍ റംല ഒമാനിലുണ്ടെന്ന വിവരം ലഭിക്കുകയും ടിക്കറ്റെടുത്ത് നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
No comments:
Post a Comment