Latest News

ആരോഗ്യരംഗത്തെ പ്രകടനം: ദേശീയ തലത്തില്‍ കേരളം വീണ്ടും ഒന്നാമത്; ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്

ന്യൂഡല്‍ഹി: ദേശീയ ആരോഗ്യരംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതെത്തി. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വേള്‍ഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.[www.malabarflash.com]

ആന്ധ്രാപ്രദേശും തമിഴ്‌നാടുമാണ് മികച്ച പ്രകടനം കാഴ്ചവച്ച രണ്ടും മൂന്നും സ്ഥാനത്തെത്തിയ സംസ്ഥാനങ്ങള്‍. ദേശീയ ആരോഗ്യരക്ഷാ സൂചികപ്രകാരം ഉത്തര്‍പ്രദേശും ബിഹാറുമാണ് ആരോഗ്യരംഗത്ത് ഏറ്റവും മോശം അവസ്ഥയിലുള്ളത്. 

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും 2017-18 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നീതി ആയോഗ് ആരോഗ്യസൂചിക തയ്യാറാക്കിയത്. ആരോഗ്യമേഖലയിലെ ഫലസൂചികകള്‍, ഭരണപരമായ സൂചികകള്‍, ആരോഗ്യസംവിധാനത്തിന്റെ ദൃഢത എന്നിവ 23 സൂചികകളിലൂടെ പരിശോധിച്ചാണ് റാങ്കിങ് നടത്തിയത്. 

രാജ്യത്തെ വലുപ്പമേറിയ സംസ്ഥാനങ്ങളായ പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് ആരോഗ്യരംഗത്ത് എന്തെങ്കിലും മുന്നേറ്റം നടത്തിയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളം സൂചികയില്‍ പോയിന്റ് നിലയില്‍ താഴേക്ക് പോന്നിട്ടുണ്ട്.
കേരളത്തിന്റെ ആരോഗ്യസൂചിക കഴിഞ്ഞവര്‍ഷം 80 പോയിന്റിലാണ് നിന്നിരുന്നെങ്കില്‍ ഇത്തവണയത് 76.55 ലേക്ക് താഴ്ന്നിട്ടുണ്ട്. പഞ്ചാബ് കഴിഞ്ഞ വര്‍ഷത്തെ 62.02 പോയിന്റ് എന്ന നിലയില്‍നിന്ന് 65.21 പോയിന്റിലേക്ക് ഉയര്‍ന്നു. 63.38 പോയിന്റുമായി തമിഴ്‌നാട് പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും റാങ്കിങ്ങില്‍ രണ്ടില്‍നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  അഞ്ചാമത് നിന്നിരുന്ന പഞ്ചാബ് 65.21 പോയിന്റുമായി രണ്ടാമതെത്തിയെന്നതും ശ്രദ്ധേയമാണ്. 

രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാത ശിശുമരണ നിരക്കും 5 വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കും കേരളത്തിലാണ്. രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളില്‍വച്ചുള്ള പ്രസവം, ജനനസമയത്തെ സ്ത്രീ-പുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.