വയനാട്: വയനാട്ടിലെ ഓരോ വ്യക്തിക്ക് വേണ്ടിയും തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തനിക്ക് മികച്ച വിജയം സമ്മാനിച്ച വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.[www.malabarflash.com]
വയനാട്ടിലെ പ്രശ്‌നങ്ങള്‍ മാത്രമല്ല, കേരളത്തില്‍ നിന്നുള്ള എംപി എന്ന നിലയില്‍ കേരളത്തിലെ പ്രശ്‌നങ്ങളും ലോക്‌സഭയില്‍ ഉന്നയിക്കാന്‍ താന്‍ ഉത്തരവാദിത്തപ്പെട്ടവനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായാണ് രാഹുല്‍ എത്തിയത്. ഉച്ചയ്ക്ക് 2.30 നാണ് കരിപ്പൂര്‍ വിമാനമിറങ്ങിയ രാഹുല്‍ കാളികാവിലും നിലമ്പൂരിലും എടവണ്ണയിലും അരീക്കോട്ടും നടക്കുന്ന സ്വീകരണത്തില്‍ പങ്കെടുത്തു. വെളളിയാഴ്ച രാത്രി കല്‍പറ്റയിലായിരിക്കും രാഹുല്‍ ഗാന്ധി തങ്ങുക.
രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ 9.10ന് രാഹുല്‍ ഗാന്ധി കലക്ട്രേറ്റിലെ ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് കല്‍പറ്റ, കമ്പളക്കാട്, പനമരം, എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ പങ്കെടുക്കും. മാനന്തവാടിയില്‍ നിന്നായിരിക്കും രാഹുല്‍ ഉച്ചഭക്ഷണം കഴിക്കുക. തുടര്‍ന്ന് മാനന്തവാടി, പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്ത് 6.30യോടെ രാഹുല്‍ കല്‍പ്പറ്റയിലെ താമസ സ്ഥലത്ത് തിരിച്ചെത്തും.
ഞായറാഴ്ച ഈങ്ങാപ്പുഴയിലും മുക്കത്തും സന്ദര്‍ശനം നടത്തിയ ശേഷം ഉച്ചയോടെ രാഹുല്‍ ഗാന്ധി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍ എന്നിവരും രാഹുല്‍ ഗാന്ധിയെ അനുഗമിക്കും.
സംസ്ഥാനം ഇതുവരെ കണ്ട റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ജയം. 431770 വോട്ടുകള്‍ക്കാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന പി പി സുനീറിനെ രാഹുല്‍ പരാജയപ്പെടുത്തിയത്. അമേഠിയില്‍ തോല്‍വി ഏറ്റുവാങ്ങിയ രാഹുലിന് എന്നാല്‍ വയനാട് സമ്മാനിച്ച റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു.
No comments:
Post a Comment