Latest News

മുത്തലാഖിനെതിരായി നിയമം വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കും- കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് പാസാക്കാന്‍ സാധിക്കാതിരുന്ന മുത്തലാഖ് നിയമം വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. മുത്തലാഖ് നിയമം ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണെന്നും അതിനാല്‍ നിയമം വീണ്ടും കൊണ്ടുവരുന്നതിലെന്താണ് പ്രശ്‌നമെന്നും മന്ത്രി ചോദിച്ചു.[www.malabarflash.com]

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന സമയത്താണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് നിയമം പാസാക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ വീണ്ടും നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.

പ്രസ്തുത ബില്‍ പ്രകാരം മുത്തലാഖ് ചൊല്ലുന്നത് ജാമ്യം ലഭിക്കാത്ത ക്രിമിനല്‍ കുറ്റമാണ്. കുറ്റാരോപിതന് കോടതിയില്‍ നിന്ന് മാത്രമേ ജാമ്യം നേടാന്‍ സാധിക്കു. ഭാര്യയുടെ നിലപാട് കൂടി അറിഞ്ഞതിന് ശേഷം മാത്രമേ ജാമ്യം നല്‍കാന്‍ പാടുള്ളു എന്നും ബില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

അതേസമയം ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് 31 ന് നിയമ മന്ത്രാലയം നിയോഗിച്ച സമിതി വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കേണ്ടത് അത്യാവശ്യമല്ലെന്നും അഭിലഷണീയമല്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തിനിയമങ്ങളില്‍ പെട്ട വിവാഹം, വിവാഹ മോചനം, ജീവനാംശം നല്‍കല്‍, സ്ത്രീയുടെയും പുരുഷന്റെയും വിവാഹ പ്രായം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങളുണ്ടാകേണ്ടതുണ്ടെന്നും സമിതി നിര്‍ദ്ദേശിച്ചിരുന്നു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.