Latest News

പത്രപ്രവർത്തകൻ ബി. സി. ബാബുവിന്റെ കുടുംബത്തിന് വീട് കൈമാറാത്തതിന് പിന്നിലെ ദുരൂഹതയെന്ത്? : മാധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു

കാഞ്ഞങ്ങാട്::കാഞ്ഞങ്ങാട്ടുകാരുടെ പ്രിയ പത്രപ്രവർത്തകൻ ബി.സി.ബാബു വിടവാങ്ങിയിട്ട് വർഷം മൂന്ന് കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പേരിൽ പണം പിരിച്ചു നിർമ്മിച്ച വീട് കുടുംബത്തിന് കൈമാറാതെ കുടുംബ സഹായ കമ്മിറ്റി.[www.malabarflash.com]
മൂന്ന് വർഷം മുമ്പ് മരണമടഞ്ഞ ബാബു ഗുരുവനം ദേശത്ത് ഒരു വീട് നിർമ്മിച്ചു കൊണ്ടിരിക്കയായിരുന്നു. സർക്കാർ നൽകിയ അഞ്ച് സെന്റ് ഭൂമിയിലായിരുന്നു വീട് നിർമ്മാണം. ബാബു മരിച്ചതോടെ വീട് നിർമ്മാണം കുടുംബ സഹായ സമിതി ഏറ്റെടുത്ത് പൂർത്തിയാക്കി.

വീട് നിർമാണം പൂർത്തിയായിട്ടും കരാറുകാരന് പണം നൽകാനുണ്ടെന്ന കാരണം കാട്ടി കുടുംബത്തിന് ഇതുവരെ വീട് കൈമാറിയിട്ടില്ല. വീട് നിർമ്മാണത്തിന് ബാബു എടുത്ത ഹൗസിങ് സൊസൈറ്റിയുടെ വായ്പയും തീർപ്പാക്കിയിട്ടില്ല.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ അഞ്ച് ലക്ഷം രൂപയും ഇതോടെ സംശയത്തിന്റെ നിഴലിലാണ്. ഈ തുക എന്തിനായി ചെലവഴിച്ചു എന്ന ചോദ്യവും ഉയരുന്നുണ്ട്. കുടുംബത്തിന് ഇതുവരെയും നേരിട്ട് ഒരു സഹായവും ലഭിച്ചി ട്ടില്ല എന്ന ആക്ഷേപവുമുണ്ട്.

ഭാര്യയും മൂന്ന് മക്കളുമടങ്ങിയ ബാബുവിന്റെ കുടുംബത്തിന്റെ ഈ ദുഃഖങ്ങൾ തറന്നുകാട്ടി മാധ്യമ പ്രവർത്തകൻ പി . സജിത്ത് കുമാർ എഴുതിയ ഫേസ്ബുക് പോസ്റ്റ് ചർച്ചയായിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


ബി സി ബാബുവിനെ മറന്നിട്ടില്ലാത്തവരോട് ...(മറന്നവരോടും)
ഇതൊരു വാർത്തയല്ല. കാരണം ഇത്തരത്തിൽ ഒരു പാടു വാർത്തകൾ നിർഭയം തുറന്നെഴുതിയ ഒരു പത്രപ്രവർത്തകന്റെ ജീവിതാനന്തരം സംഭവിച്ച കാര്യങ്ങളാണ് ഞാൻ ഇന്നെഴുതുന്നത്
അതെ, ബി.സി ബാബുവിനെ കുറിച്ചാണ്. കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവർത്തകരിൽ അഗ്രഗണ്യനായിരുന്ന ബി സി ബാബു ഓർമ്മയായിട്ട് ഡിസംബർ മാസത്തിൽ മൂന്നു വർഷമാകുന്നു. വാർത്തകളിലൂടെ നേടിയ പ്രസിദ്ധിക്കും ഊഷ്മളമായ സൗഹൃദങ്ങൾക്കുമപ്പുറം സമ്പാദ്യം യാതൊന്നുമില്ലാതെ അകാലത്തിൽ ബാബു വിട പറഞ്ഞു. വെള്ളിക്കോത്ത് ബിസി ബാബുവിന്റെ കെ എസ് യു രാഷ്ട്രീയവും സംഘാടന മികവും ആരാധനയോടെ കണ്ട് ബാബുവേട്ടനെ മാതൃകയാക്കിയാണ് ഞാൻ പത്രപ്രവർത്തന രംഗത്ത് കടന്നു വരുന്നത്. അതിനു ശേഷം ഒന്നിച്ചുള്ള യാത്രകൾ... അനുഭവങ്ങൾ... ഒന്നും മറക്കുന്നില്ല.
പക്ഷേ ഇപ്പോൾ വേദനയോടെ, കുറ്റബോധത്തോടെ ചിലത് പറയാതെ വയ്യ.
ബി സി ബാബു എന്നന്നേക്കുമായി യാത്ര പറഞ്ഞപ്പോൾ ഗുരു വനം പ്രദേശത്ത് പതിച്ചു കിട്ടിയ ചെറിയ സ്ഥലത്ത് പാതി വഴിയിൽ നിർമാണമെത്തിയ വീടായിരുന്നു ഉണ്ടായിരുന്നത്. ഭാര്യയും പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കരായ മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ സ്വപ്നമായിരുന്നു ആ വീട്.
ഇന്ന് ഞാൻ ഇതുവഴി പോയപ്പോൾ ബാബുവിന്റെ വീട് കണ്ടു. വീട് പൂർത്തിയായിട്ടും കൈമാറാതെ പെയിന്റിംഗ് ഒക്കെ നശിച്ച് കാടു കയറുന്ന വീട്.

ബി സി ബാബുവിന്റെ മരണത്തിനു പിന്നാലെ
ബി.സി ബാബു കുടുംബ സഹായ സമിതി രൂപീകരിച്ച് പത്രങ്ങളിൽ നൽകിയ ഒരു വാർത്ത കൂടി വായിച്ച് ബാക്കി പറയാം. വാർത്ത ഇങ്ങനെ:

കാഞ്ഞങ്ങാട്: അകാലത്തില്‍ പൊലീഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ ബിസി ബാബുവിന്‍റെ നിര്‍ധന കുടുംബത്തിന്‍റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എറ്റെടുത്തു നടത്താന്‍ ബി സി ബാബു കുടുംബ സഹായ സമതി രൂപീകരിച്ചു.ഗുരുവനത്ത് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമിയില്‍ നിര്‍മ്മാണം നിലച്ച വീടിന്‍റെ പുര്‍ത്തീകരണം, ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മുന്നു മക്കളുടെ തുടര്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സഹായസമിതി എറ്റെടുക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദ്യകാല കെഎസ്‌യു പ്രവര്‍ത്തകന്‍ കൂടിയായ ബി സി ബാബുവിന്‍റെ വെള്ളിക്കോത്തെ തറവാട് വിട്ടിലെത്തി അമ്മയെയും ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ച് കുടുംബസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപയുടെ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
കാഞ്ഞങ്ങാട്ടെ പൊതുസമൂഹമടങ്ങിയതാണ് കുടുംബസഹായസമിതി, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, മെട്രോ മുഹമ്മദ് ഹാജി, സികെ ശ്രീധരന്‍ , പി അപ്പുക്കുട്ടന്‍, കെ ശ്രീകാന്ത്, ഹക്കിം കുന്നില്‍, ഗോവിന്ദന്‍പള്ളിക്കാപ്പില്‍, എ വി രാമകൃഷ്ണന്‍, എന്നിവര്‍ രക്ഷാധികാരികളാണ്. എച്ച് ഗോകുല്‍ദാസ്‌കമ്മത്ത് ചെയര്‍മാനും കെ ബാബു, ഇവി ജയകൃഷ്ണന്‍, പി പ്രവീണ്‍കുമാര്‍, ടി മുഹമ്മദ് അസ്ലം, മാധവന്‍ പാക്കം എന്നിവര്‍ വൈസ്‌ചെയര്‍മാന്‍മാരും ടി കെ നാരായണന്‍ കണ്‍വീനറും പി നാരായണന്‍,ടി കെ സുധാകരന്‍, എ ദാമോദരന്‍,ബഷീര്‍ വെളിക്കോത്ത്, എം അസിനാര്‍, സി യൂസഫ് ഹാജി, സി കെ റഹ്മത്തുള്ള, സി കെ വല്‍സലന്‍, ഇ കൃഷ്ണന്‍, ബല്‍രാജ്, സികെ വല്‍സലന്‍ എന്നിവര്‍ ജോ കണ്‍വീര്‍മാരും ബഷീര്‍ ആറങ്ങാടി ട്രഷററുമായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

അപ്പോൾ ഇനി തുടരാം അല്ലേ...
കാഞ്ഞങ്ങാട്ടെ പൊതു സമൂഹത്തിന്റെ പരിഛേദം എന്നു വിശേഷിപ്പിക്കാവുന്ന കമ്മിറ്റിയാണ്. എല്ലാവരും ബാബുവിനെ നന്നായി അറിയാവുന്നവർ. പലരും ബാബുവിനെ പല കാര്യങ്ങൾക്കും ഉപയോഗപ്പെടുത്തിയവർ.
ഉമ്മൻ ചാണ്ടി സാർ പറഞ്ഞ വാക്ക് പാലിച്ചു എന്നാണ് ഞാൻ മനസിലാക്കിയ കാര്യം .അഞ്ചു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി. വീടിനായി ഹോസ്ദുർഗ് ഹൗസിംഗ് സൊസൈറ്റിയിൽ നിന്ന് ബാബു വായ്പയെടുത്തതിലേക്ക് ഈ തുക വരവു വെക്കുമെന്നാണ് പറഞ്ഞിരുന്നതെന്ന് അന്ന് പ്രസ് ഫോറത്തിന്റെ ഉത്തരവാദപ്പെട്ടവരും പറഞ്ഞു.
പാതി വഴിയിൽ നിലച്ച ബാബുവിന്റെ വീട് പൂർത്തിയാക്കിയത് കുടുംബ സഹായ കമ്മിറ്റിക്കാരാണ്. പല ഉദാരമതികളും അതിനായി പണവും നൽകി. പക്ഷേ ആ വീട് ഇതേ വരെ ബാബുവിന്റെ കുടുംബത്തിന് കൈമാറിയിട്ടില്ല.
എന്താണ് പ്രശ്നമെന്ന് അന്വേഷിച്ചപ്പോൾ വീടിന്റെ പണി പൂർത്തീകരിച്ച കരാറുകാരൻ അശോകന് പണം കിട്ടാനുണ്ട്.
ഹൗസിംഗ് സൊസൈറ്റിയിലെ വായ്പയും തീർപ്പാക്കിയിട്ടില്ല. അപ്പോൾ ഉമ്മൻ ചാണ്ടി നൽകിയ അഞ്ചു ലക്ഷം ബാങ്കിൽ നൽകിയില്ലേ?
ബി സി ബാബുവിന്റെ മക്കളുടെ വിദ്യാഭ്യാസ ചിലവ് ഇതെഴുതുന്നതു വരെ കുടുംബ സഹായ കമ്മിറ്റി വഹിച്ചിട്ടില്ല . വേറെ ഒരു സഹായധനവും നൽകിയിട്ടുമില്ല.
ബി സി ബാബുവിന്റെ കുടുംബത്തോട് ഈ വീട്ടിൽ താമസിക്കാൻ പറഞ്ഞിരുന്നു എന്നാണ് കമ്മിറ്റിയിലെ ഒരാൾ നൽകിയ മറുപടി . അപ്പോൾ കരാറുകാരൻ പണത്തിനു വന്നാൽ, ബാങ്ക് ജപ്തി നോട്ടീസ് നൽകിയാൽ ഈ കുടുംബം തെരുവിലിറങ്ങണോ?

ടി കെ, പാക്കം മാധവേട്ടൻ, പ്രവീണേട്ടൻ, ഗംഗേട്ടൻ .സേതു... എന്നെക്കാളധികം ബി സി ബാബുവിനെ സ്നേഹിച്ചവർ ...അവരൊക്കെ കാഞ്ഞങ്ങാട്ട് മാധ്യമ രംഗത്ത് സജീവമായുള്ളപ്പോൾ ബിസിയുടെ കുടുംബത്തിന് നീതി നിഷേധിക്കപ്പെടില്ലെന്ന് ഞാൻ കരുതുന്നു.
കുടുംബ സഹായ കമ്മിറ്റിയിലെ എല്ലാ രാഷ്ട്രീയ നേതാക്കളും പ്രമാണിമാരും ഒന്നു മനസു വെച്ചാൽ തീരുന്ന പ്രശ്നത്തിൽ ഈ ഒളിച്ചുകളി എന്തിന്?
കുടുംബ സഹായ കമ്മിറ്റി കാര്യങ്ങൾ തുറന്നു പറയണം. ആരൊക്കെ സഹായിച്ചുവെന്നും എത്ര തുക ചിലവഴിച്ചെന്നും വീട് കൈമാറാത്തതെന്ത് കൊണ്ടാണെന്നും തുറന്നു പറയണം.
ബി സി ബാബു മറക്കപ്പെടരുത്
കൂടെയുണ്ടാകണം ആ ഓർമ്മകൾ.,,
പി സജിത് കുമാർ


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.