Latest News

കര്‍ണാടകയിലേത് നാണംകെട്ട രാഷ്ട്രീയ അട്ടിമറിയെന്ന് കെ സി വേണുഗോപാല്‍

ബെംഗളൂരു: അസന്മാര്‍ഗികവും നാണംകെട്ടതുമായ രാഷ്ട്രീയ അട്ടിമറിയാണ് ബി ജെ പി കര്‍ണാടകയില്‍ നടത്തിയതെന്നും ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.[www.malabarflash.com]

കേന്ദ്രസര്‍ക്കാര്‍, ഗവര്‍ണര്‍, മഹാരാഷ്ട്രാ സര്‍ക്കാര്‍, ബി ജെ പി കേന്ദ്ര നേതൃത്വം എന്നിവര്‍ സംയുക്തമായി നടത്തിയ ഹീനശ്രമങ്ങളാണ് സര്‍ക്കാര്‍ നിലംപതിക്കാന്‍ കാരണമായതെന്നും വേണുഗോപാല്‍ ആരോപിച്ചു.

ഭരണപക്ഷത്തെ പതിനാറ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. തുടര്‍ന്ന് സര്‍ക്കാര്‍ വിശ്വാസവോട്ട് നേരിടുകയും പരാജയപ്പെടുകയുമായിരുന്നു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ 99 എം എല്‍ എമാരാണ് അനുകൂലിച്ചത്. 105 എം എല്‍ എമാര്‍ എതിര്‍ത്തു.

പതിന്നാലുമാസമാണ് കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്. രാജിവെച്ച എം എല്‍ എമാരെ അനുനയിപ്പിക്കാന്‍ പലവഴികളും കോണ്‍ഗ്രസും ജെ ഡി എസും ശ്രമിച്ചിരുന്നു. എന്നാല്‍ നിലപാടില്‍നിന്ന് പിന്നോട്ടു പോകാന്‍ തയ്യാറായില്ല.

ചൊവ്വാഴ്ച അഞ്ചരയോടെയാണ് വിശ്വാസപ്രമേയത്തിനു മേലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിക്കൊണ്ടുള്ള മറുപടി പ്രസംഗം കുമാരസ്വാമി നടത്തിയത്. സന്തോഷത്തോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.