Latest News

കെ.ടി ജലീലിനെതിരെയുണ്ടായ കൈയ്യേറ്റശ്രമം: 3 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

തിരൂര്‍: മന്ത്രി കെ ടി ജലീലിനെ കയ്യേറ്റം ചെയ്യാനും സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാനും ശ്രമിച്ച സംഭവത്തില്‍ 3 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കല്‍പകഞ്ചേരി പോലീസ് കേസെടുത്തു.[www.malabarflash.com] 

ബൈക്കില്‍ നിന്നുവീണ യുവാക്കളെ രക്ഷപ്പെടുത്താനിറങ്ങുന്നതിനിടെ ശനിയാഴ്ച വൈകിട്ട് 3.30 ഓടെ കോഴിച്ചെന റോഡില്‍ ചെട്ടിയാം കിണറിന് സമീപത്തുവച്ചാണ് സംഭവം നടന്നത്.

കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനത്തിന് പോകുകയായിരുന്നു മന്ത്രി. ഇതിനിടെ ചെട്ടിയാം കിണറില്‍വെച്ച് ബൈക്കില്‍ നിന്നും റോഡിലേക്ക് രണ്ട് യുവാക്കള്‍ വീണത് കണ്ട മന്ത്രി വാഹനം നിര്‍ത്തി ഇറങ്ങി കുട്ടികളുടെ സമീപത്തേക്ക് പോയി അപകടവിവരങ്ങള്‍ ചോദിച്ചു. പരുക്ക് സാരമില്ലെന്നറിഞ്ഞ് തിരികെ കാറില്‍ കയറാന്‍ പോകുന്നതിനിടെ 3 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഓടിയെത്തി മന്ത്രിയെ തടയുകയും മന്ത്രിയുടെ കാറിടിച്ചാണ് ബൈക്ക് മറിഞ്ഞതെന്നാരോപിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു.

റോഡിലെ ചരലില്‍ കയറിയാണ് ബൈക്ക് മറിഞ്ഞതെന്ന് ബൈക്ക് യാത്രികര്‍ പറഞ്ഞെങ്കിലും അത് അംഗീകരിക്കാതെ പ്രവര്‍ത്തകര്‍ പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു.

മന്ത്രിയുമായി വാക്കുതര്‍ക്കമുണ്ടാക്കുന്നത് മൊബൈലില്‍ ചിത്രീകരിച്ച് മന്ത്രിയുടെ വാഹനം ഇടിപ്പിച്ചതായി ആരോപിച്ച് അപമാനിക്കും വിധം ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. 

മന്ത്രിയെ തടഞ്ഞ് കയ്യേറ്റം ചെയ്യുകയും സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുകയും ചെയ്‌തെന്ന് കാണിച്ച് മന്ത്രിയുടെ ഗണ്‍മാന്‍ നല്‍കിയ പരാതിയില്‍ 3 പേര്‍ക്കെതിരെയാണ് കല്‍പകഞ്ചേരി പോലീസ് കേസെടുത്തിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.