Latest News

നാട്ടിപ്പാട്ടും നാട്ടു കളികളുമായി എരോൽ വയലിൽ മഴപ്പൊലിമ

ഉദുമ: ചേറാണ് ചോറ് എന്ന സന്ദേശമുയർത്തി പഴമയുടെ കാർഷിക സംസ്കൃതിയുടെ ഓർമകളിൽ ഉദുമ എരോൽ വയലിൽ സംഘടിപ്പിച്ച മഴപ്പൊലിമ നാട്ടി കാർഷികോത്സവത്തിൽ ആവേശകരമായ പങ്കാളിത്തം.[www.malabarflash.com]
മണ്ണും ജലവും ജൈവ വൈവിധ്യവും സംരക്ഷിക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കൂട്ടായ്മയായ മഴപ്പൊലിമയുടെ ആരവങ്ങളിൽ ഞായറാഴ്ച എരോൽ ഗ്രാമം ലയിച്ചു.
വയലുകളെയും നെൽകൃഷിയെയും അടുത്തറിയാൻ കുടുംബശ്രീ പ്രവർത്തകരും, യുവാക്കളും പിഞ്ചു കുട്ടികളും, കർഷക കാരണവന്മാരുമെല്ലാം നാട്ടിപ്പാട്ടിന്റെ ഈണവുമായി ചളി നിറഞ്ഞ പാടത്തിറങ്ങി ഞാറ് നട്ടു.
 ഉഴുതുമറിച്ചിട്ട ചെളിവയൽ കുട്ടികൾക്ക് കളിയിടമായി. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി നാട്ടിപ്പാട്ട് , കമ്പവലി, ചാക്ക് റൈസ് ,സ്പൂൺ റൈസ്, നിധി കണ്ടെത്തൽ, പാളയിൽ വലിക്കൽ, ഫുട്ബോൾ, കബഡി, ഓട്ടം എന്നീ മത്സരങ്ങൾ നടന്നു. കാർഷിക വിനോദങ്ങളും മത്സരങ്ങളും നാടൻ പാട്ടുമായി പുതു തലമുറയെ കൃഷി പാരമ്പര്യത്തിലേക്ക് കണ്ണി ചേർക്കുന്ന പ്രവർത്തനമായി മഴപ്പൊലിമ നാട്ടി കാർഷികോത്സവം മാറി.
 കാഴ്ചക്കാരായും മത്സരാർത്ഥികളുമായെത്തിയ മുഴുവനാളുകൾക്കും സ്വാദിഷ്ഠമായ കഞ്ഞിയും ചക്കകറിയും സംഘാടകർ വിരുന്നൂട്ടി. 

ഉദുമ ഗ്രാമപഞ്ചായത്ത് ഭരണസമിതി, കുടുംബശ്രീ സി.ഡി.എസ്, എരോൽ പാടശേഖര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മഴപ്പൊലിമ നടത്തിയത്. 
രാവിലെ കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ടി.ടി.സുരേന്ദ്രൻ മഴ പൊലിമ വിശദീകരിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ബാലൻ, ഉദുമ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. പ്രഭാകരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബൂബക്കർ , മെമ്പർമാരായ ചന്ദ്രൻ നാലാം വാതുക്കൽ, ഹമീദ് മാങ്ങാട് , ഉദുമ ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ സീതൾ ശിവൻകുട്ടി , എരോൽ പാടശേഖര സമിതി സെക്രട്ടറി ബി.നാരായണൻ, എരോൽ പ്രതിഭ ക്ലബ്ബ് പ്രസിഡന്റ് പ്രമോദ്, ഉദുമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് ചെയർപേഴ്സൺ എം.പുഷ്പലത തുടങ്ങിയവർ പ്രസംഗിച്ചു.



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.