Latest News

എസ് ഡി പി ഐ പ്രവര്‍ത്തകനെ കടയില്‍ കയറി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വധിക്കാന്‍ ശ്രമം

കാസര്‍കോട്: എസ് ഡി പി ഐ പ്രവര്‍ത്തകനായ തളങ്കര സ്വദേശിയായ സൈനുല്‍ ആബിദിനെ കാസര്‍കോട് ട്രാഫിക് സര്‍ക്കിളിന് സമീപത്തെ കടയില്‍ കയറി കുത്തികൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായ ബി എം എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം. ഗുരുതരാവസ്ഥയില്‍ യുവാവിനെ മംഗളൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

സൈനുല്‍ ആബിദ് വധക്കേസിലെ മൂന്നാം പ്രതിയായ ബി എം എസ് പ്രവര്‍ത്തകനും കാസര്‍കോട് നഗരത്തിലെ ചുമട്ടുതൊഴിലാളിയും ബി എം എസ് പ്രവര്‍ത്തകനുമായ വിദ്യാനഗര്‍ നല്‍ക്കളയിലെ പ്രശാന്തിനാണ് (33) കുത്തേറ്റത്. .
ഞായറാഴ്ച രാത്രി 9.30 മണിയോടെ വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളജിന് സമീപം ചൈത്ര ആശുപത്രിക്ക് മുന്നിലാണ് സംഭവം. യുവാവ് സഞ്ചരിച്ച ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം കാറിടിച്ച് വീഴ്ത്തുകയും തെറിച്ചുവീണപ്പോള്‍ നെഞ്ചില്‍ കുത്തുകയും മര്‍ദിക്കുകയുമായിരുന്നു. കുത്തേറ്റ യുവാവ് സമീപത്തെ സ്വകാര്യാശുപത്രിയിലേക്ക് നിലവിളിച്ചുകൊണ്ട് ഓടിയപ്പോള്‍ സംഘം കാറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു.
2014 ഡിസംബര്‍ 22ന് എസ് ഡി പി ഐ പ്രവര്‍ത്തകനായ തളങ്കര സ്വദേശിയായ സൈനുല്‍ ആബിദിനെ ട്രാഫിക് സര്‍ക്കിളിന് സമീപത്തെ കടയില്‍ കയറി കുത്തികൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് അക്രമത്തിനിരയായ പ്രശാന്ത്. 21 പേര്‍ പ്രതികളായ കേസിന്റെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. ഇതിനിടയിലാണ് പ്രശാന്തിന് നേരെ ആക്രമണമുണ്ടായത്. 

വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അക്രമികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.