Latest News

ബസ് കണ്ടക്ടറെ ശിശുഭവനിലെ കെയര്‍ ടേക്കറാക്കി മലപ്പുറം കളക്ടര്‍; ഇത് മാതൃകാപരമായ ശിക്ഷ

മഞ്ചേരി: വിദ്യാര്‍ഥിയെ ബസ് സ്റ്റോപ്പില്‍ ഇറക്കാതിരുന്ന ബസ് കണ്ടക്ടര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കി മലപ്പുറം ജില്ലാ കളക്ടര്‍. പത്ത് ദിവസം ശിശുഭവനിലെ കെയര്‍ ടേക്കറായി പ്രവര്‍ത്തിക്കാനാണ് മലപ്പുറം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.മഞ്ചേരി – പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്കാണ് ശിക്ഷ ലഭിച്ചത്.[www.malabarflash.com]

ബുധനാഴ്ച വൈകീട്ടാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. സഹോദരനൊപ്പം ബസ്സില്‍ യാത്രചെയ്ത വിദ്യാര്‍ഥിയെ ബസ് ജീവനക്കാര്‍ സ്റ്റോപ്പില്‍ ഇറക്കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.വിഷയത്തില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന് ലഭിച്ച പരാതിയില്‍ അദ്ദേഹം ആര്‍. ടി.ഒ വഴി അന്വേഷണം നടത്തുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തു. ബസിലെ കണ്ടക്ടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയതിന് മാതൃകാപരമായി ശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവും നല്‍കി.

തവനൂര്‍ ശിശുഭവനിലെ കെയര്‍ടേക്കറായി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലുവരെ പത്ത് ദിവസത്തേക്ക് പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം. ശിശുഭവന്‍ സൂപ്രണ്ടിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കണം. ഈ കാലയളവില്‍ കണ്ടക്ടര്‍ ശിശുഭവന്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കണം. തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകുന്നതിന്റെ ഫലമായി അവരെ സ്‌നേഹിക്കുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരന്‍ ആകുന്നതിനായാണ് ഇത്തരത്തിലുള്ള ശിക്ഷ നല്‍കിയതെന്ന് മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.