Latest News

പീഡനത്തിനിരയായി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: പ്രതിയെ റിയാദില്‍ നിന്ന് അറസ്റ്റു ചെയ്തു

കൊല്ലം: പീഡനത്തെ തുടര്‍ന്ന് പട്ടിക ജാതിക്കാരിയായ പെണ്‍കുട്ടി മഹിളാ മന്ദിരത്തില്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ സൗദി അറേബ്യയിലെ റിയാദില്‍ വച്ച് പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ പിതൃ സഹോദരന്റെ സുഹൃത്തായ സുനില്‍ കുമാറിനെയാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്.[www.malabarflash.com]

പ്രതിയെ സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.

ബലാത്സംഗം, കുട്ടികള്‍ക്കെതിരായ പീഡനം, പട്ടികജാതിക്കാര്‍ക്കെതിരായ അക്രമം തുടങ്ങിയ വകുപ്പുകളാണ് സുനില്‍ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിക്കു വേണ്ടി പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും സി ബി ഐ വഴി ഇന്റര്‍പോളിനെ ബന്ധപ്പെടുകയുമായിരുന്നു. 

ഇന്ത്യയും സൗദിയും തമ്മില്‍ കുറ്റവാളികളെ കൈമാറല്‍ കരാറുണ്ടാക്കിയ ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പോലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കിയത്.

2017ലാണ് കേസിനാസ്പദമായ സംഭവം. വര്‍ഷങ്ങളായി റിയാദില്‍ ജോലി ചെയ്യുന്ന സുനില്‍ കുമാര്‍ അവധിക്കു നാട്ടിലെത്തിയപ്പോഴാണ് അന്ന് പതിമൂന്നുകാരിയായിരുന്ന കുട്ടിയെ പീഡിപ്പിച്ചത്. മദ്യപാനിയായ പിതൃ സഹോദരന്‍ വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീടുമായി ബന്ധം സ്ഥാപിച്ചത്. സഹപാഠികള്‍ അധ്യാപികയെ അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തായത്. അധ്യാപിക വിവരമറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ സുനില്‍ കുമാര്‍ പല തവണ പീഡിപ്പിച്ചതായി കണ്ടെത്തി.

അന്വേഷണം നടക്കുമ്പോള്‍ പ്രതി റിയാദിലേക്ക് മടങ്ങുകയും പീഡനത്തിനിരയായ കുട്ടിയും മഹിളാ മന്ദിരത്തിലുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയും ആത്മഹത്യ ചെയ്യുകയും ചെയ്തു. മഹിളാ മന്ദിരത്തില്‍ നേരിട്ട ദുരനുഭവങ്ങളാണ് ഇവരെ ആത്മഹത്യക്കു പ്രേരിപ്പിച്ച പെട്ടെന്നുള്ള കാരണം. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഹിളാ മന്ദിരം ജീവനക്കാര്‍ ജയിലിലാണ്.
സുനില്‍ കുമാറിനെ അറസ്റ്റു ചെയ്ത സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ എം അനില്‍ കുമാര്‍, ഓച്ചിറ സി ഐ. ആര്‍ പ്രകാശ് എന്നിവരും ഉള്‍പ്പെട്ടിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.