Latest News

ബുമ്രയിലൂടെ ബംഗ്ലാദേശിനെ വീഴ്ത്തി; ഇന്ത്യ ലോകകപ്പ് സെമിയിൽ

ബിർമിങ്​ഹാം: രോഹിത്​ വാണ ക്രീസിൽ മിന്നുംജയവുമായി ഇന്ത്യ ലോകകപ്പ്​ സെമിയിൽ. 315 റൺസ്​ എന്ന വിജയലക്ഷ്യത്തിലേക്ക്​ ബാറ്റുവീശിയ ബംഗ്ലാദേശിനെ 28 റൺസിന്​ മറികടന്നാണ്​ കോഹ്​ലിപ്പട ആസ്​ട്രേലിയക്കുശേഷം നോക്കൗട്ടിലെത്തുന്ന രണ്ടാം ടീമായി മാറിയത്​.[www.malabarflash.com] 

പേരുകേട്ട ടീമും ലോകോത്തര ബൗളിങ്​നിരയും എതിരെ അണിനിരന്നിട്ടും​ തെല്ലും കൂസാതെയായിരുന്നു ബംഗ്ലാദേശ്​ ചേസിങ്​. അതിവേഗവും കൃത്യതയുമായി പന്തെറിഞ്ഞ ജസ്​പ്രീത്​ ബുംറയെയും ഭുവനേശ്വർ കുമാറിനെയും ക്ഷമയോടെ നേരിട്ട തമീം-സൗമ്യ സർക്കാർ ഓപണിങ്​ കൂട്ടുകെട്ട്​ 10ാംഓവറിൽ മുഹമ്മദ്​ ഷമി പൊളിക്കുന്നതോടെയാണ്​ ഇന്ത്യക്ക്​ ശ്വാസം നേരെ വീണത്​​. 

പിറകെ എത്തിയ ഓൾറൗണ്ടർ ശാകിബുൽ ഹസൻ അതിവേഗം സ്​കോർ ഉയർത്തിയെങ്കിലും കൂട്ടുനൽകാൻ അധികമാരുമുണ്ടായില്ല. മുഷ്​ഫിഖുർ റഹീമും ലിട്ടൺ ദാസും വാലറ്റത്ത്​ ശബീർ റഹ്​മാൻ, സെയ്​ഫുദ്ദീൻ എന്നിവരും മോശമല്ലാതെ ബാറ്റേന്തിയെങ്കിലും വലിയ ടോട്ടൽ മറികടക്കാൻ മതിയാകുമായിരുന്നില്ല. മറുവശത്ത്​, ഇടവേളകളിൽ ക്യാപ്​റ്റ​​ന്റെ വിളികേ​ട്ടെ ത്തിയ ബുംറ നിർണായകമായ നാലു വിക്കറ്റുകൾ പിഴുത്​ കളി ജയിക്കുന്നതിൽ നിർണായകമായി.

നേരത്തെ, അത്ഭുതങ്ങളൊളിപ്പിച്ച ബൗളർമാർ പന്തെറിയാനില്ലാതിരുന്നിട്ടും ആദ്യം ബാറ്റുചെയ്​ത ഇന്ത്യയെ കത്രികപ്പൂട്ടിടുന്നതിൽ​ ബംഗ്ലാദേശ് വിജയിച്ചു​. നാലാംവട്ടവും സെഞ്ച്വറി കുറിച്ച്​ രോഹിത്​ ശർമ മുന്നിൽനിന്നു നയിച്ച ഇന്നിങ്​സിൽ ഇന്ത്യ അടിച്ചെടുത്തത്​ 314 റൺസ്​. 

പരി​​ക്കുമായി ആദ്യം ശിഖർ ധവാനും പിന്നീട്​ വിജയ്​ ശങ്കറും മടങ്ങിയ ഇന്ത്യൻ ക്യാമ്പി​​ന്റെ  ശക്തിയെക്കാൾ ദൗർബല്യങ്ങൾ പ്രകടമാക്കിയ ഇന്നിങ്​സായിരുന്നു ഇന്നലെത്തേത്​. ഒമ്പതു റൺസ്​ ചേർക്കുന്നതിനിടെ ഡീപ്​ സ്​ക്വയർ ലെഗിൽ രോഹിത്​ നൽകിയ അനായാസ ക്യാച്ച്​ കൈവിട്ട തമീം ഇഖ്​ബാലിനോട്​ ടീം ഇന്ത്യ നന്ദി പറയണം. വീണുകിട്ടിയ ആയുസ്സുമായി ഉറച്ചുനിന്ന്​ പൊരുതിയ രോഹിത്​ കുറിച്ച ഈ ​ ലോകകപ്പിലെ നാലാം സെഞ്ച്വറിയാണ്​ ഇന്ത്യൻ ഇന്നിങ്​സ്​ 300 കടത്തിയത്​.

ടോസ്​ തുണച്ച പിച്ചി​​ന്റെ  ആനുകൂല്യം മുതലെടുത്ത്​ ആദ്യം ബാറ്റിങ്​ തിരഞ്ഞെടുത്ത കോഹ്​ലിയെ ശരിവെക്കുംവിധമായിരുന്നു തുടക്കത്തിൽ റൺനിരക്കുയർന്നത്​. ആദ്യ വിക്കറ്റ്​ കൂട്ടുകെട്ട്​ 29.2 ഓവറിൽ 180 റൺസ്​ ചേർത്തതോടെ സ്​കോർ ആദ്യമായി 400 ​കടക്കുമെന്നുവരെ പ്രവചനങ്ങൾ പറന്നു. 
42 പന്തിൽ അർധസെഞ്ച്വറി കുറിച്ച രോഹിത്​ മീഡിയം​ പേസർ മഷ്​റഫെ മുർതസ​യെ തിരഞ്ഞുപിടിച്ച്​ പ്രഹരിച്ചു. അപൂർവമായി മുസ്​തഫിസുർ റഹ്​മാൻ, ശാകിബുൽ ഹസൻ എന്നിവരെയും ബൗണ്ടറി കടത്തി.

ഒടുവിൽ ശാകിബി​​ന്റെ  പന്തിൽ സിംഗിളിന്​ ഓടി സെഞ്ച്വറി തികച്ച രാഹുൽ കൂറ്റനടിക്ക്​ മുതിർന്നാണ്​ പുറത്തായത്​. മറുവശത്ത്​, 92 പന്തിൽ 77 തികച്ച ലോകേഷ്​ രാഹുൽ നങ്കൂരമിട്ടുനിന്നതിനൊപ്പം സ്​ട്രൈക്​ രോഹിതിന്​ കൈമാറിയും ദുർബലമായ പന്തുകളെ പരമാവധി ശിക്ഷിച്ചും ക്യാപ്​റ്റ​​ന്റെ  പ്രതീക്ഷകൾ കാത്തു. 

ആദ്യം​ രോഹിതും മൂന്ന്​ ഓവറുകൾക്കുശേഷം രാഹുലും മടങ്ങിയതോടെ സ്​കോറിങ്ങും വേഗം കൈവിട്ടു. അവസാന 124 പന്തുകളിൽ 134 റൺസ്​ കൂട്ടി​ചേർക്കാനേ ടീമിനായുള്ളൂ. 

ഇടവേളയിൽ ഋഷഭ്​ പന്തും ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും ചേർന്ന്​ അതിവേഗം സ്​കോറിങ്​ ഉയർത്താൻ ശ്രമിച്ചത്​ ആരാധകരിൽ ആവേശമുണർത്തിയെങ്കിലും 26 റൺസ്​ എടുത്ത്​ കോഹ്​ലിയും അർധ സെഞ്ച്വറിക്കരികെ പന്തും മടങ്ങിയതോടെ സ്​കോറിങ്​ ഒച്ചിഴയും വേഗത്തിലായി. 

തൊട്ടുപിറകെയെത്തിയ ഹാർദിക്​ പാണ്ഡ്യ രണ്ടു പന്തു മാത്രം നേരിട്ട്​ പൂജ്യനായി മടങ്ങി. വാലറ്റത്ത്​ ടീമി​​ന്റെ  ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത മുൻ നായകൻ ധോണി പതിയെ കളിച്ച്​ കൂട്ടമരണം ഒഴിവാക്കി. 33 പന്തിൽ 35 റൺസെടുത്താണ്​ ധോണി മടങ്ങിയത്​. 

മറുവശത്ത്​, 10 ഓവറിൽ 59 റൺസ്​ വിട്ടുനൽകി അഞ്ചു വിക്കറ്റ്​ പിഴുത മുസ്​തഫിസുർ റഹ്​മാൻ​ ബംഗ്ല ബൗളിങ്ങിന്റെ  കുന്തമുനയായി. ഓൾറൗണ്ടർ ശാകിബ്, റൂബൽ ഹുസൈൻ, സൗമ്യ സർക്കാർ എന്നിവർ ഓരോ വിക്കറ്റ്​ വീതം വീഴ്​ത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.